Your Image Description Your Image Description

 

അബുദാബി: അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എഡിഎക്‌സ്) ലിസ്റ്റ് ചെയ്തിരിക്കുന്ന മിഡിൽ ഈസ്റ്റിലെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ സേവന ദാതാവായ ബുർജീൽ ഹോൾഡിങ്‌സ് മികച്ച വളർച്ച രേഖപ്പെടുത്തി 2024ലെ ആദ്യ ആറുമാസത്തെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. ജൂൺ 30വരെയുള്ള വർഷത്തിന്റെ ആദ്യ പകുതിയിലെ സാമ്പത്തിക ഫലങ്ങളിൽ ഗ്രൂപ്പിന്റെ വരുമാനം 10% വർധിച്ച് 2 .4 ബില്യൺ ദിർഹമായി. അറ്റാദായം 6% ഉയർന്ന് 238 മില്യണായി (ഒറ്റത്തവണ ചിലവുകളും നികുതികളും മാറ്റിനിർത്താതെ). ഇബിഐടിഡിഎ (EBITDA) 477 മില്യൺ ദിർഹത്തിലെത്തി (2.2% വർദ്ധനവ്).

മികച്ച സേവനങ്ങളുടെ ഭാഗമായി ഇൻപേഷ്യന്റ്, ഔട്ട്പേഷ്യന്റ് എണ്ണത്തിലുണ്ടായ വർദ്ധനവിനെ തുടർന്ന് രോഗികളുടെ എണ്ണം ആദ്യ പകുതിയിൽ 3.1 മില്യണായി ഉയർന്നു. ബുർജീൽ ഹോൾഡിങ്സിന്റെ പ്രധാന ആസ്തിയായ ബുർജീൽ മെഡിക്കൽ സിറ്റി മികച്ച സാമ്പത്തിക വളർച്ചയാണ് ഈ കാലയളവിൽ കൈവരിച്ചത്. രോഗികളുടെ വളർച്ചാനിരക്ക് 27% ആയി വർദ്ധിച്ചു.

ഡോ. ഷംഷീർ വയലിൽ സ്ഥാപകനും ചെയർമാനുമായ ബുർജീൽ ഹോൾഡിങ്സ് വളർച്ചാ ആസ്തികൾ വർധിപ്പിച്ചും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും സങ്കീർണ പരിചരണമേഖലകളിൽ നടത്തിയ പ്രവർത്തനങ്ങളുമാണ് വളർച്ചയ്ക്ക് അടിത്തറ പാകിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആരോഗ്യ മേഖലയിലെ സാങ്കേതികവിദ്യയിൽ മുൻ നിരയിലെത്തുന്നതിനായി ഗ്രൂപ്പ് ഐമെഡ് ടെക്നോളജീസ് ആരംഭിച്ചു. അൽ ഐനിലെ അൽ ദാഹിറിലും അൽ ദഫ്രയിലെ മദീനത്ത് സായിദ് പ്രദേശങ്ങളിലും രണ്ട് പ്രത്യേക ഡേ സർജറി സെൻ്ററുകൾ തുറന്ന് സാന്നിധ്യം കൂടുതൽ വിപുലീകരിച്ചു.

ബുർജീൽ മെഡിക്കൽ സിറ്റിയിൽ ആരംഭിച്ച ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് യുഎഇയിലെ ഏറ്റവും വലിയ കാൻസർ കെയർ നെറ്റ് വർക്കുകളിൽ ഒന്നാണ്. കൊളംബിയൻ മൾട്ടിനാഷണൽ ഹെൽത്ത് കെയർ പ്രൊവൈഡറായ കെരാൽറ്റിയുമായി ചേർന്ന് സംയുക്ത സംരംഭം രൂപീകരിച്ചതിലൂടെ സൗദി അറേബ്യയിലെ പ്രാഥമിക ആരോഗ്യ സംരക്ഷണ സാധ്യതകളിലേക്കുള്ള ആദ്യ ചുവടുവെപ്പ് ഗ്രൂപ്പ് നടത്തി. ജൂലൈയിൽ ആരംഭിച്ച അഞ്ച് പുതിയ സെന്ററുകളുൾപ്പടെ ഫിസിയോതെറാബിയ ശൃംഖലയിൽ മൊത്തം 22 ശാഖകളായി.

അർബുദ പരിചരണം, അവയവം മാറ്റിവയ്ക്കൽ തുടങ്ങിയ സൂപ്പർ സ്പെഷ്യാലിറ്റി മേഖലകളിലെ തുടർച്ചയായ നിക്ഷേപങ്ങളിലൂടെയും, പ്രാദേശിക ശൃംഖലയുടെ വിപുലീകരണത്തിലൂടെയും കാര്യമായ പുരോഗതി കൈവരിക്കാൻ സാധിച്ചു. ഉയർന്ന വളർച്ചാ നിരക്കുള്ള ആസ്തികളുടെയും സേവനങ്ങളുടെയും വളർച്ചയും, ദേശീയ, അന്തർദേശീയ രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവുമായിരിക്കും 2024-ൻ്റെ രണ്ടാം പകുതിയിലെ പ്രകടനത്തെ നയിക്കുകയെന്ന് ഗ്രൂപ്പ് സിഇഒ ജോൺ സുനിൽ പറഞ്ഞു. വ്യത്യസ്തമായ സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം തന്ത്രപരമായ വിപുലീകരണ അവസരങ്ങൾ കണ്ടെത്താനും ഗ്രൂപ്പ് ലക്ഷ്യമിടുന്നു. ക്ലിനിക്കൽ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി സാങ്കേതികവിദ്യയിലും നിക്ഷേപം ശക്തമാക്കും.

Leave a Reply

Your email address will not be published. Required fields are marked *