Your Image Description Your Image Description

 

 

മൂന്നാം ഏകദിനത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് 110 റൺസിന്റെ ദയനീയ തോൽവി. മൂന്ന് മത്സര പരമ്പരയിലെ അവസാന മത്സരത്തിൽ 110 റൺസിനാണ് ശക്തരായ ഇന്ത്യയെ ലങ്ക വീഴ്ത്തിയത്. അവിഷ്‌ക ഫെർണാണ്ടോ (96), കുശാൽ മെൻഡിൻസ് (59) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 26.1 ഓവറിൽ 138ന് എല്ലാവരും പുറത്തായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ആതിഥേയർ 2-0ത്തിന് സ്വന്തമാക്കി. ആദ്യ മത്സരം ടൈയിൽ അവസാനിച്ചിരുന്നു.

249 റൺസ് പിന്തുടർന്ന ഇന്ത്യൻ നിരയിൽ വെറും നാല് ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്. പതിവ് പോലെ മികച്ച തുടക്കമാണ് നായകൻ രോഹിത് ശർമ്മ നൽകിയത്. 20 പന്തുകളിൽ നിന്ന് ആറ് ബൗണ്ടറികളും ഒരു സിക്‌സും ഉൾപ്പെടെ 35 റൺസ് നേടി രോഹിത് ആണ് ടോപ് സ്‌കോറർ. വിരാട് കൊഹ്ലി 20(18) പരമ്പരയിൽ മൂന്നാം തവണയും വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായി. ഏഴാമനായി ക്രീസിലെത്തിയ റിയാൻ പരാഗ് 15(13), ഒമ്പതാമൻ വാഷിംഗ്ടൺ സുന്ദർ 30(25) എന്നിവരാണ് പിന്നീട് രണ്ടക്കം കടന്നത്.

ശുഭ്മാൻ ഗിൽ 6(14), വിക്കറ്റ് കീപ്പർ റിഷഭ് പന്ത് 6(9), ശ്രേയസ് അയ്യർ 8(7), അക്‌സർ പട്ടേൽ 2(7), ശിവം ദൂബെ 9(14) എന്നിവർ നിരാശപ്പെടുത്തി. അഞ്ച് വിക്കറ്റ് പ്രകടനവുമായി തിളങ്ങിയ ഇടങ്കയ്യൻ സ്പിന്നർ ദുനിത് വെല്ലാലഗെയാണ് ഇന്ത്യയെ തകർത്തത്. 5.1 ഓവറിൽ വെറും 27 റൺസ് മാത്രം വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് കൊയ്തത്. മഹേഷ് തീക്ഷണ, ജെഫ്രെ വാണ്ടർസെ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും പേസർ അസിത ഫെർണാൻഡോ ഒരു വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അർദ്ധ സെഞ്ച്വറികൾ നേടിയ അവിഷ്‌ക ഫെർണാൻഡോ 96(102), കുസാൽ മെൻഡിസ് 59(82) എന്നിവരുടേയും പാത്തും നിസങ്ക 45(65) എന്നിവരുടേയും കരുത്തിലാണ് ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്.അരങ്ങേറ്റ മത്സരം കളിച്ച റിയാൻ പരാഗ് ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, അക്‌സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 

Leave a Reply

Your email address will not be published. Required fields are marked *