Your Image Description Your Image Description

 

ടെൽ അവീവ്: ഹനിയയെ വധിച്ചത് ഇസ്രയേലാണെന്ന് ഇറാന്റെ ആരോപണം. ഇസ്രയേലിലേക്ക് ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മായിൽ ഹനിയ ഇറാന്റെ മണ്ണിൽ കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്കിപ്പുറമാണ് ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള ഇസ്രയേലിനെ ആക്രമിക്കുന്നത്. ഡസൻ കണക്കിന് റോക്കറ്റുകളാണ് ഹിസ്ബുള്ള ഇസ്രയേലിനെ ലക്ഷ്യമാക്കി തൊടുത്തത്‌. ഇസ്രയേലിനെ ആക്രമിക്കുമെന്ന ഭീഷണി മുഴക്കിയ ഇറാനോട് പിന്മാറണമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടു.

വടക്കൻ ഇസ്രയേലിലെ ബെയ്ത് ഹില്ലെൽ എന്ന ‘മൊഷാവി’ലാണ് (ഇസ്രയേലി ഗ്രാമം) ഹിസ്ബുള്ള ആക്രമണം നടത്തിയതെന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി ഹിസ്ബുള്ള അവകാശപ്പെട്ടു. അതേസമയം ഭൂരിഭാഗം റോക്കറ്റുകളേയും പ്രതിരോധ സംവിധാനമായ അയൺ ഡോം നിർവീര്യമാക്കിയെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. മിസൈൽ ആക്രമണം നടന്നതായി വടക്കൻ ഇസ്രയേലിലെ പ്രാദേശിക ഭരണകൂടങ്ങൾ പറഞ്ഞതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം യുദ്ധഭീതി നിഴലിക്കുന്ന പശ്ചിമേഷ്യയിൽ ഇസ്രയേലിന്റെ സഖ്യകക്ഷിയായ അമേരിക്ക സൈനികസാന്നിധ്യം വർധിപ്പിക്കുകയാണ്. യു.എസ്.എസ്. എബ്രഹാം ലിങ്കൺ വിമാനവാഹിനി യുദ്ധക്കപ്പൽ മേഖലയിൽ വിന്യസിക്കുമെന്ന് യു.എസ്. അറിയിച്ചു. കൂടാതെ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള സംവിധാനമുള്ള കപ്പലുകളും യുദ്ധവിമാനങ്ങളും പശ്ചിമേഷ്യയിലേക്ക് അയക്കും. ലെബനനിലുള്ള പൗരന്മാരോട് എത്രയും പെട്ടെന്ന് രാജ്യം വിടാൻ യു.എസ്. നിർദേശം നൽകിയിട്ടുണ്ട്.

ഹിസ്ബുള്ള ഇസ്രയേലിൽ കൂടുതൽ ആക്രമണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് ഇറാൻ പ്രതികരിച്ചത്. ഇസ്രയേലിലെ സൈനികതാവളങ്ങളെ മാത്രം ഹിസ്ബുള്ള ലക്ഷ്യമിട്ടാൽ പോരാ എന്നും ഇറാൻ കൂട്ടിച്ചേർത്തു.

 

Leave a Reply

Your email address will not be published. Required fields are marked *