Your Image Description Your Image Description

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിക്ക് പിന്നിൽ രാസമാലിന്യം തന്നെയെന്ന് കണ്ടെത്തി. മലിനീകരണ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിൽ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുഫോസ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ് ചെയര്‍മാനായ സമിതിയുടെ റിപ്പോര്‍ട്ട് ഫിഷറീസ് മന്ത്രി സജി ചെറിയാന് കൈമാറി. ഇന്ന് വരാപ്പുഴയില്‍ നടക്കുന്ന ചടങ്ങില്‍ റിപ്പോര്‍ട്ട് ഔദ്യോഗിക പ്രകാശനം നടക്കും.

മേയ് 20ന് പെരിയാറിലുണ്ടായ മത്സ്യക്കുരുതിയുമായി ബന്ധപ്പെട്ട് വിവിധ പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കുഫോസ്, സിഎംഎഫ്ആര്‍ഐ തുടങ്ങിയവയുടെ പഠന ഗവേഷണ ഫലങ്ങളെ ആസ്പദമാക്കിയും നേരിട്ട് നടത്തിയ അന്വേഷണങ്ങളും ശാസ്ത്രീയ നിരീക്ഷണങ്ങളും അടങ്ങിയതാണ് റിപ്പോര്‍ട്ട്. കുഫോസ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ് ചെയര്‍മാനും പെരിയാർ മലിനീകരണ വിരുദ്ധ സംയുക്ത സമിതിയുടെ ജനറൽ കൺവീനർ ചാൾസ് ജോർജ് കൺവീനറുമായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യമല്ലെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ വിലയിരുത്തല്‍ അശാസ്ത്രീയവും അനുചിതവുമാണെന്ന് വിലയിരുത്തിയ സമിതി കുഫോസ്, സിഎംഎഫ്ആര്‍ഐ തുടങ്ങിയവയുടെ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മത്സ്യക്കുരുതിയിലേക്ക് നയിച്ചത് രാസമാലിന്യമാണെന്ന വിലയിരുത്തലിനെ അടിവരയിടുന്ന റിപ്പോര്‍ട്ടാണ് തയ്യാറാക്കിയത്. സര്‍ക്കാര്‍ കണക്കാക്കിയ നാശനഷ്ടത്തുക അപര്യാപ്തമാണെന്നും 41.85 കോടി രൂപയുടെ നഷ്ടം മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായെന്നും ഫിഷറീസ് മന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പെരിയാറിനെ സംരക്ഷിക്കാനാവശ്യമായ നിര്‍ദേശങ്ങളടങ്ങിയതാണ് റിപ്പോര്‍ട്ട്. ‌

Leave a Reply

Your email address will not be published. Required fields are marked *