Your Image Description Your Image Description

കൊച്ചി: വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായതിൻ്റെ സന്തോഷ സൂചകമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേക്ക് മുറിച്ച് മുൻതുറമുഖ വകുപ്പ് മന്ത്രി കെ. ബാബുവിന് മധുരം നൽകി ആഘോഷിച്ചു. കൊച്ചിയിലായിരുന്നു പരിപാടി. വിഴിഞ്ഞം തുറമുഖം യുഡിഎഫിന്റെ കുഞ്ഞാണെന്നും പദ്ധതി യാഥാര്‍ത്ഥ്യമാക്കിയതിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യമാണെന്നും സതീശന്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും യുഡിഎഫ് സർക്കാരിനും അഭിവാദ്യം അർപ്പിച്ച് യുഡിഎഫ് എറണാകുളം ജില്ലാ കമ്മിറ്റി ഹൈക്കോടതി ജംഗ്ഷനിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പദ്ധതിയെ എല്‍ഡിഎഫ് എന്നും എതിര്‍ക്കുകയായിരുന്നു. സ്വകാര്യ മേഖലയുടെ സഹായത്തോടെ മാത്രമേ വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകൂവെന്ന മനസ്സിലാക്കന്‍ എല്‍ഡിഎഫിന് കഴിഞ്ഞില്ല. 2011 ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ചൈനീസ് കമ്പനിക്ക് കരാര്‍ നല്‍കാന്‍ നീക്കമുണ്ടായെങ്കിലും മിലിറ്ററി ഇന്റലിജിന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം പദ്ധതിക്ക് പിന്നില്‍ 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പെന്നാണ് അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പറഞ്ഞത്. 2015 ല്‍ വിഴിഞ്ഞം പദ്ധതി ദേശാഭിമാനിക്ക് കടല്‍ക്കൊള്ളയായിരുന്നു. ഇന്നത് സ്വപ്‌ന പദ്ധതിയാണ്. ഓന്തിനെ പോലെ നിറം മാറുകയാണ് ഇവര്‍. കൊച്ചി മെട്രോ റെയില്‍ ഉദ്ഘാടനത്തിനും ഇവര്‍ ഉമ്മന്‍ ചാണ്ടിയെ ക്ഷണിച്ചില്ല. ഇതൊക്കെ മറച്ചു വെക്കാനാണ് എന്നെ ക്ഷണിക്കാതിരുന്നത്. ജനങ്ങള്‍ക്ക് മാത്രമല്ല, സിപിഎമ്മുകാര്‍ക്ക് പോലും അറിയാം പദ്ധതി നടപ്പിലാക്കിയതില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക്. പിണറായി സര്‍ക്കാര്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പറയാതിരുന്നത് കൊണ്ട് ജനം അദ്ദേഹത്തിന്റെ സംഭാവനകള്‍ മറന്നു പോകില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.

യുഡിഎഫ് ചെയർമാൻ ഡൊമനിക്ക് പ്രസൻ്റേഷൻ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം.പി, എം.എൽ എ മാരായ കെ.ബാബു, അൻവർ സാദത്ത്, ടി.ജെ വിനോദ് ,ഡി.സി സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, കെ.പി സി സി ഭാരവാഹികളായ അബ്ദുൾ മുത്തലിബ്, ജെയ്സൺ, മുഹമ്മദ് കുട്ടി മാസ്റ്റർ, യു.ഡി എഫ് നേതാക്കളായ നേതാക്കളായ അബദുൾ ഗഫൂർ, ഷിബു തെക്കുംപുറം, പ്രസന്നകുമാർ, ബൈജു മേനാച്ചേരി,സുനിൽകുമാർ, കെ.വി പി കൃഷ്ണകുമാർ , ജോസഫ് ആൻ്റണി എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *