Your Image Description Your Image Description

 

തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി എസ് ആർ) സംരംഭങ്ങളുടെ ഭാഗമായി കമ്പനിയുടെ 25-ാം വാർഷികത്തിൻ്റെ വേളയിൽ തിരുവനന്തപുരത്തുള്ള എസ്എംവി സ്‌കൂളിന് 20 ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകൾ സംഭാവന ചെയ്യുകയും ഒരു ഐടി ലാബ് സ്ഥാപിച്ച് കൈമാറുകയും ചെയ്‌തു. തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതി തിരുനാൾ 1836-ലാണ് ശ്രീമൂല വിലാസം ഗവൺമെൻ്റ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ എന്ന എസ്എംവി സ്കൂൾ സ്ഥാപിച്ചത്. കേരളത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിലൊന്നാണ് എസ് എം വി സ്‌കൂൾ.

എസ് എം വി സ്‌കൂളിൽ വിവര സാങ്കേതികവിദ്യാ പഠനങ്ങൾ നടത്തുന്ന വിദ്യാർത്ഥികൾക്ക് യു എസ് ടി യുടെ ഈ സി എസ് ആർ പ്രവർത്തനങ്ങൾ ഒരു സുപ്രധാന സഹായമാകും. കമ്പനിയുടെ 25-ാം വാർഷികം, സ്ഥാപകനായ ജി എ മേനോന്റെ ജന്മവാർഷികം എന്നിവയോടനുബന്ധിച്ചു നടക്കുന്ന വാരാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഡെസ്ക്ക് ടോപ് കമ്പ്യൂട്ടറുകളും ഐ ടി ലാബും ഇക്കഴിഞ്ഞ ജൂലായ് 2 ന് സ്‍കൂളിനു കൈമാറിയത്. യു എസ് ടി തിരുവനന്തപുരം കേന്ദ്രം മേധാവിയായ ശിൽപ മേനോൻ, ടാലൻറ്റ് അക്വിസിഷൻ വിഭാഗത്തിലെ നികിത ബഹാദൂർ, പി ആർ ആൻഡ് മാർക്കറ്റിങ് കേരള ലീഡ് റോഷ്‌നി ദാസ് കെ എന്നിവർ ചേർന്നാണ് സ്‌കൂളിന് ഇവ കൈമാറിയത്. യു എസ് ടിയുടെ സി എസ് ആർ അംബാസഡർ സോഫി ജാനറ്റ്, സി എസ് ആർ ഫിനാൻസ് ലീഡ് വിനീത് മോഹനൻ എന്നിവരാണ് കമ്പനിയുടെ ഭാഗത്തു നിന്ന് പരിപാടി ആസൂത്രണം ചെയ്തത്. എസ് എം വി സ്‌കൂൾ പ്രിൻസിപ്പാൾ കല്പന ചന്ദ്രൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസറും സീനിയർ അധ്യാപികയുമായ ബിന്ദു എസ് ആർ, കംപ്യൂട്ടർ സയൻസ് അധ്യാപകരായ സേതു ലാൽ, ബിപിൻ ചാറ്റർജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

“കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിലൊന്നായ എസ് എം വി സ്‌കൂളിലെ വിദ്യാർത്ഥികളെ സഹായിക്കാൻ അവസരം ലഭിച്ചതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി യു എസ് ടി എന്നും മുൻപന്തിയിലുണ്ട്. ഈ മേഖലയിലെ ഞങ്ങളുടെ ശ്രമങ്ങൾ ഇനിയും തുടരും,” യു എസ് ടി തിരുവനന്തപുരം കേന്ദ്രം മേധാവിയായ ശിൽപ മേനോൻ പറഞ്ഞു.

“ഞങ്ങളുടെ സ്കൂളിൽ ഒരു ഐടി ലാബ് സജ്ജീകരിച്ച് സഹായിച്ച യു എസ് ടിയോട് ഞങ്ങൾ നന്ദിയുള്ളവരാണ്. വിവരസാങ്കേതികവിദ്യാ മേഖലയിൽ കൂടുതൽ പഠനമാർഗങ്ങൾ പിന്തുടരുന്നതിൽ ഞങ്ങളുടെ വിദ്യാർത്ഥികളെ ഈ സംരംഭം വളരെയേറെ സഹായിക്കുമെന്ന് ഉറപ്പാണ്,” എസ്എംവി സ്കൂൾ പ്രിൻസിപ്പാൾ കൽപന ചന്ദ്രൻ പറഞ്ഞു.

കേരളത്തിലെ ഏറ്റവും വലിയ ഐടി തൊഴിൽ ദാതാവായ യു എസ് ടി, കേരളത്തിലെ നഗര-ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിൽ ഐടി ലാബുകൾ നിർമ്മിക്കുക, ഐടി ലാബുകൾ സ്ഥാപിക്കുക, ലൈബ്രറികൾ സ്ഥാപിക്കുക, ഫർണിച്ചറുകൾ സംഭാവന ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പിന്തുണ നൽകി വരുന്നു. തിരുവനന്തപുരത്തെ എസ്എംവി സ്കൂളിന് നൽകുന്ന സിഎസ്ആർ പിന്തുണ കമ്പനി ഏറ്റെടുത്തിട്ടുള്ള നിരവധി സംരംഭങ്ങളിൽ ഒന്നാണ്. യുഎസ്‌ടി തങ്ങളുടെ ‘അഡോപ്റ്റ് എ സ്കൂൾ’ പ്രോഗ്രാമിലൂടെ സംസ്ഥാനത്തെ വിവിധ സ്കൂളുകൾക്ക് പിന്തുണ നൽകി വരുന്ന സ്ഥാപനമാണ്.

Leave a Reply

Your email address will not be published. Required fields are marked *