Your Image Description Your Image Description

 

ദന്തേവാഡ: മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ദന്തേവാഡയിൽ സ്ത്രീ ശാക്തീകരണത്തിലൂടെ ഇത് മറികടക്കാനുള്ള ശ്രമത്തിലാണ് ഛത്തിസ്ഗഡ് സ‍ർക്കാർ. പ്രതിമാസം 15,000 രൂപ മുതൽ 20,000 രൂപ വരെ വരുമാനം ലഭിക്കുന്ന കൈത്തറി രംഗത്തേക്ക് കൂടുതൽ സ്ത്രീകളെ എത്തിച്ച് സാമ്പത്തികമായി ശാക്തീകരണം ഉറപ്പാക്കാനാണ് സർക്കാർ ശ്രമം.

മാവോയിസ്റ്റ് ആക്രമണങ്ങൾ കാരണം കലുഷിതമായ ദന്തേവാഡയിലെ സ്ത്രീകൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള വഴിയൊരുക്കുകയാണ് സർക്കാർ. നാലു മാസം നീളുന്ന നെയ്ത്ത് പരിശീലന പദ്ധതി. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് സ്റ്റൈപ്പൻറും നൽകും. പല ഗ്രാമങ്ങളിലും സ്ത്രീകൾ ഇതിനായി രജിസ്റ്റർ ചെയ്യുന്നു. പരിശീലനം കഴിഞ്ഞ് നെയ്ത്ത് തുടങ്ങുന്നതിനുള്ള യൂണിറ്റുകളും സർക്കാർ ഉറപ്പാക്കുന്നു. ഒരു മീറ്റർ തുണിക്ക് 30 രൂപ സർക്കാർ ഇവർക്ക് നൽകുന്നു. ദിവസേന 5 മുതൽ 6 മണിക്കൂർ ജോലി. പ്രതിമാസം 15,000 മുതൽ 20,000 രൂപ വരുമാനം. നിയർ നെല്ലനാർ എന്ന പദ്ധതിയുടെ ഭാഗമായാണ് സർക്കാർ വനിതകൾക്കായുളള പരിശീലനം സംഘടിപ്പിക്കുന്നത്. ആദ്യ ബാച്ചിലെ 21 വനിതകൾ ഭൈരംബന്ദ്, ധൂർളി എന്നിവിടങ്ങളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.

കൈത്തറി ഉൽപന്നങ്ങളുടെ വിപണനത്തിനും സർക്കാരിൻറെ പ്രത്യേക പദ്ധതികളുണ്ട്. ഗ്രാമങ്ങളിലെ പട്ടിണിയും തൊഴിലില്ലായ്മയുമാണ് പലപ്പോഴും മാവോയിസ്റ്റുകൾ ചൂഷണം ചെയ്യുന്നത്. ഇത് തടയുന്നതിനൊപ്പം കൈത്തറി മേഖലയുടെ സംരക്ഷണം കൂടി ലക്ഷ്യമിട്ടാണ് ഛത്തീസ്ഗഡ് സർക്കാരിൻറെ ഈ പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *