Your Image Description Your Image Description

 

പുൽപ്പള്ളി: നഗരത്തിൽ ദളിത് യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി സംഘം ചേർന്ന് മർദ്ദിച്ചെന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ അക്രമിസംഘം ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷമായിരുന്നു യുവാവിനെ വാഹനത്തിൽ കയറ്റി കൊണ്ടുപോയത്. കാപ്പിക്കുന്ന് പാറപ്പുറത്ത് പി.ടി. ജിത്തു (26), മീനംകൊല്ലി തെറ്റിക്കോട്ടിൽ ടി.ജെ. ബിജോബിൻ (24) എന്നിവരെയാണ് പുൽപ്പള്ളി എസ്.ഐ. എച്ച്. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രക്ഷപ്പെട്ട മറ്റു നാലുപ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. അക്രമികൾ തട്ടിക്കൊണ്ടുപോയ യുവാവിനെ പോലീസെത്തിയാണ് രക്ഷപ്പെടുത്തിയത്.

പുൽപ്പള്ളി എരിയപ്പള്ളി ഗാന്ധിനഗർ കോളനിയിലെ വരദൻ, സുഹൃത്തുക്കളായ പ്രകാശ്, അജിത്ത് എന്നിവരാണ് അക്രമത്തിനിരയായത്. വെള്ളിയാഴ്ച രാത്രി പത്തരയോടെ ടൗണിലുള്ള ബാറിന്റെ പാർക്കിങ് ഗ്രൗണ്ടിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. അക്രമികളുടെ കാർ മറ്റൊരു വാഹനവുമായി തട്ടിയതിനെത്തുടർന്ന് പാർക്കിങ് ഗ്രൗണ്ടിൽ ചെറിയ സംഘർഷമുണ്ടായിരുന്നു. ഇവരുടെ വാഹനങ്ങൾക്ക് സമീപമാണ് മർദ്ദനമേറ്റ വരദനും സുഹൃത്തുക്കളുമെത്തിയ ബൈക്ക് നിർത്തിയിട്ടിരുന്നത്.

കാറുകൾ എടുത്തുമാറ്റാതെ ബൈക്ക് പുറത്തേക്ക് കൊണ്ടുപോകാൻ കഴിയാത്തതിനാൽ വരദനും സുഹൃത്തുക്കളും പാർക്കിങ് ഗ്രൗണ്ടിൽത്തന്നെ നിൽക്കുകയായിരുന്നു. ഇതിനിടെ ഒരു പ്രകോപനവുമില്ലാതെ അക്രമികൾ തങ്ങളെ മർദിച്ചുവെന്നാണ് വരദനും കൂട്ടുകാരും പോലീസിന് നൽകിയ മൊഴി. അക്രമികളുമായി തർക്കത്തിലേർപ്പെട്ട കാറിലുണ്ടായിരുന്ന സംഘത്തോടൊപ്പമുള്ളവരാണെന്ന് തെറ്റിദ്ധരിച്ചാവാം അവർ തങ്ങളെ മർദിച്ചതെന്നും യുവാക്കൾ പറഞ്ഞു.

മർദ്ദനം രൂക്ഷമായതോടെ യുവാക്കൾ ബൈക്ക് പാർക്കിങ് ഗ്രൗണ്ടിൽ തന്നെ ഉപേക്ഷിച്ച് നഗരത്തിലെ ഊടുവഴികളിലൂടെ ഓടി അനശ്വരജങ്ഷനിലെ തട്ടുകടക്ക് സമീപമെത്തി. എന്നാൽ പിന്തുടർന്നെത്തിയ അക്രമികൾ വീണ്ടും യുവാക്കളെ മർദിക്കുകയായിരുന്നു. വീണ്ടും പലവഴിക്കായി ചിതറിയോടി രക്ഷപ്പെട്ടെങ്കിലും ടൗണിലെ ബസ്സ്റ്റാൻഡിനുള്ളിലേക്കാണ് വരദൻ ഓടിക്കയറിയത്. പിന്നാലെ എത്തിയ അക്രമിസംഘം തങ്ങളുടെ കാറിൽ വരദനെ ബലം പ്രയോഗിച്ച് കയറ്റിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പറയുന്നു.

ഇതിനിടെ സംഘർഷവിവരമറിഞ്ഞ് പോലീസ് എത്തിയെങ്കിലും അക്രമികൾ രക്ഷപ്പെട്ടിരുന്നു. താന്നിത്തെരുവ് റോഡിലേക്കാണ് വരദനെയും കൊണ്ട് വാഹനം പോയതെന്ന് മനസിലാക്കിയ പോലീസ് പരിശോധന നടത്തുന്നതിനിടെ ഇവിടുത്തെ ശ്രീനാരായണ ഗുരുദേവ മന്ദിരത്തിന് സമീപം നിർത്തിയിട്ട നിലയിൽ കാർ കണ്ടെത്തി. വാഹനം പാതയോരത്ത് നിർത്തിയശേഷം, രക്ഷപ്പെട്ട വരദന്റെ സുഹൃത്തുക്കളെ ഫോണിൽ വിളിച്ചുവരുത്തണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു ഈ സമയം അക്രമികൾ.

എന്നാൽ പോലീസിനെ കണ്ടതോടെ വാഹനത്തിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രണ്ടുപേർ പിടിയിലായി. പ്രതികളിൽ മറ്റു നാലുപേർ ഊടുവഴികളിലൂടെ ഓടിരക്ഷപ്പെട്ടു. അക്രമത്തിൽ പരിക്കേറ്റ വരദനും സുഹൃത്തുക്കളും പുൽപള്ളിയിലെ സ്വകാര്യ ആശുപത്രിയിലും സാമൂഹിക ആരോഗ്യകേന്ദ്രത്തിലും ചികിത്സതേടി.

 

Leave a Reply

Your email address will not be published. Required fields are marked *