Your Image Description Your Image Description

ഡൽഹി: നീറ്റ് പരീക്ഷാ ഫലത്തിൻ്റെ അടിസ്ഥാനത്തിലുള്ള കൗൺസിലിങ് നടപടികൾ ജൂലൈ മൂന്നാം വാരത്തിന് ശേഷമേ ഉണ്ടാകൂവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാര്‍ത്താക്കുറിപ്പിലൂടെയാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ദേശീയ മെഡിക്കൽ കമ്മീഷൻ കൗൺസിലിങിനായുള്ള തയ്യാറെടുപ്പ് നടത്തേണ്ടതുണ്ടെന്നും ആകെ സീറ്റുകളുടെ എണ്ണം അവർ അറിയിക്കേണ്ടതുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ വർഷവും ജൂലൈ 20 നാണ് കൗൺസിലിങ് നടത്തിയതെന്നും മന്ത്രാലയം വാർത്താ കുറിപ്പിൽ വിശദീകരിച്ചു.

എംബിബിഎസ് പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ റദ്ദാക്കരുതെന്ന് സുപ്രീംകോടതിയിൽ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. വ്യാപക ക്രമക്കേട് ഉണ്ടായിട്ടില്ലെന്നും ചിലരുടെ കുറ്റകൃത്യം ലക്ഷക്കണക്കിന് സത്യസന്ധരായ വിദ്യാർത്ഥികളെ ബാധിക്കരുതെന്നാണ് നിലപാടെന്നും കേന്ദ്ര സര്‍ക്കാര്‍ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പരീക്ഷ മാറ്റി വെക്കരുതെന്ന് എൻടിഎയും സുപ്രീം കോടതിയിൽ നിലപാടെടുത്തു.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ചില വ്യക്തികൾ ഗുരുതരമായ കുറ്റം ചെയ്തിട്ടുണ്ടെന്നും എന്നാാൽ ഇത് പരീക്ഷയെ വ്യാപകമായി ബാധിച്ചിട്ടില്ലെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ സത്യസന്ധതയോടെ പരീക്ഷ എഴുതി. ഇവരെ ബാധിക്കുന്ന തീരുമാനം ഉണ്ടാകരുതെന്നും വിശ്വാസ്യത ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. സുപ്രീം കോടതി ഇക്കാര്യത്തിൽ എടുക്കുന്ന തീരുമാനം നിർണ്ണായകമാകും. മാറ്റിവച്ച നീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് പതിനൊന്നിന് നടക്കും. രണ്ട് സെഷനിലായി ഒറ്റ ദിവസത്തിൽ പരീക്ഷ പൂർത്തിയാകും. പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ ഇതിനിടെ കേന്ദ്രം സംസ്ഥാനങ്ങളുടെ സഹായം തേടി. എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും രണ്ടു പേരെ നിരീക്ഷകരായി വയ്ക്കണമെന്നും ഇതിൽ ഒരാൾ പൊലീസ് ഉദ്യോഗസ്ഥനാകണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *