Your Image Description Your Image Description

കണ്ണൂർ: സി.പി.എം. കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയ മനു തോമസിനെതിരേ വിമർശനവുമായി പി. ജയരാജൻ. മനു തോമസ് കഴിഞ്ഞ 15 മാസമായിട്ട്‌ യാതൊരു രാഷ്ട്രീയ പ്രവർത്തനവും നടത്താതെ വീട്ടിലിരിക്കുന്നയാളാണെന്നും നിർണായക ലോക്സഭാ തിരഞ്ഞെടുപ്പിൽ പോലും പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചില്ലെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. പാര്‍ട്ടിയിലെ ആരെയെങ്കിലും ലക്ഷ്യം വച്ച് ബോധപൂര്‍വ്വം തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അതിന് അരുനില്‍ക്കാന്‍ പാര്‍ട്ടിയെ കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിക്ക് ലഭിക്കുന്ന അനുഭാവികളുടെ പരാതികൾ പോലും അന്വേഷിച്ച് നടപടി എടുക്കുന്ന പാരമ്പര്യമാണ് കണ്ണൂർ ജില്ലയിലെ പാർട്ടിക്കുള്ളത്. ഇവിടെ ഒരു ജില്ലാ കമ്മറ്റി അംഗത്തിന്റെ പരാതി എത്ര മാത്രം ഗൗരവമായാണ് പരിഗണിച്ചിട്ടുണ്ടാവുക എന്നത് അനുമാനിക്കാവുന്ന കാര്യമാണ്. അതുകൊണ്ട് അദ്ദേഹമാണ് ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്തേണ്ടത്. പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഉള്‍പ്പെടുത്തപ്പെട്ടപ്പോള്‍ ഒരു കാര്യം അദ്ദേഹത്തോട് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. തളിപ്പറമ്പിലും , തലശ്ശേരിയിലും നടത്തുന്ന വ്യാപാര സംരംഭങ്ങളില്‍ നിന്ന് ഒഴിവാകണം.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നാനാ വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ്. പാര്‍ട്ടി അംഗത്വത്തില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരുണ്ട്. എന്നാല്‍ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകര്‍ മറ്റ് ജോലികള്‍ ചെയ്യുന്നത് ഒഴിവാക്കണമെന്ന് എല്ലാവരോടും നിഷ്കര്‍ഷിക്കാറുണ്ട്. ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്തേണ്ടത് അദ്ദേഹം തന്നെയായിരുന്നു. അതിനാല്‍ തന്‍റെ ഇരുപതിലേറെ വർഷക്കാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ വിലപ്പെട്ടതെന്ന് കരുതിയ പ്രസ്ഥാനത്തെ കരിവാരി തേക്കാതിരിക്കാന്‍ അദ്ദേഹം ഇനിയെങ്കിലും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു- ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. ഒരു വിപ്ലവകാരിയുടെ പതനമെന്നാണ് മനു തോമസിനെതിരേയുള്ള പി ജയരാജ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *