Your Image Description Your Image Description

 

മ്യൂണിക്: യൂറോ കപ്പിൽ ജയിച്ച് തുടങ്ങാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഇന്നിറങ്ങും. ചെക്ക് റിപ്പബ്ലിക്കാണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം തുടങ്ങുക. സോണി സ്പോർട്സ് നെറ്റ്‌വർക്കിലും സോണി ലിവിലും മത്സരം തത്സമയം കാണാനാകും. യോഗ്യത റൗണ്ടിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് പറങ്കിപ്പടയുടെ വരവ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൂപ്പർ ഫോമിലുമാണ്. യൂറോ കപ്പിലെ രണ്ടാം കിരീടം സ്വപ്നം കാണാൻ പോർച്ചുഗല്ലിന് അങ്ങനെ കാരണങ്ങൾ പലതുണ്ട്.

റൂബൻ ഡയസ്, ബെർണാഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ്, എന്നിങ്ങനെ കരുത്തരുടെ നിര. ഒപ്പം തന്ത്രശാലിയായ പരിശീലകൻ റോബർട്ടോ മാർട്ടിനസും. ക്രിസ്റ്റ്യാനൊയുടെ അവസാന യൂറോ അവിസ്മരണീയമാക്കുക എന്നതും പോർച്ചുഗലിന് മുന്നിലെ ലക്ഷ്യമാണ്. യൂറോപ്പ് വിട്ട് സൗദി അറേബ്യൻ ലീഗിലേക്ക് മാറിയശേഷം റൊണാൾഡോ ഇറങ്ങുന്ന ആദ്യ പ്രധാന ടൂർണമെൻറുമാണിത്. 2016ൽ റൊണാൾഡോയുടെ പോർച്ചുഗൽ കിരീടം നേടിയെങ്കിലും പരിക്കു മൂലും ഫൈനലിൽ റൊണാൾഡോക്ക് കളിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനുശേഷം നടന്ന രണ്ട് ലോകകപ്പുകളിലും യൂറോ കപ്പിലും ക്രിസ്റ്റ്യാനൊയുടെ നേതൃത്വത്തിലിറങ്ങിയ പറങ്കിപ്പടക്ക് പ്രീ ക്വാർട്ടറിനപ്പുറം പോകാനും കഴിഞ്ഞില്ല. യോഗ്യതാ റൗണ്ടിലെ പത്ത് കളികളും ജയിച്ച പോർച്ചുഗൽ എതിരാളികളുടെ വലയിൽ 36 തവണ പന്തെത്തിച്ചപ്പോൾ രണ്ട് ഗോൾ മാത്രമാണ് വഴങ്ങിയത്.

എന്നാൽ എഴുതി തള്ളാൻ കഴിയുന്നവരല്ല ചെക്ക് റിപ്പബ്ലിക്ക്. തുടർച്ചയായ അഞ്ച് ജയങ്ങളുടെ ആത്മവിശ്വാസവുമായാണ് ചെക് ഇന്നിറങ്ങുന്നത്. 1996ലെ റണ്ണേഴ്സ് അപ്പായ ചെക്ക് റിപ്പബ്ലിക് അവസാന മൂന്ന് യൂറോ കപ്പിൽ രണ്ടിലും ക്വാർട്ടറിൽ എത്തിയിട്ടുണ്ട്. പാട്രിക് ഷിക്കിൻറെ സ്കോറിംഗ് മികവിലാണ് പ്രതീക്ഷ. കഴിഞ്ഞ യൂറോയിൽ പാട്രിക്ക് ഷിക്കും റൊണാൾഡോയുമായിരുന്നു അഞ്ച് ഗോൾ വീതമടിച്ച് ടൂർണമെൻറിലെ ടോപ് സ്കോറർമാരായത്. സ്കോട്‌ലൻഡിനെതിരെ മധ്യവരയിൽ നിന്ന് ഷിക്ക് നേടിയ ഗോളായിരുന്നു കഴി‍ഞ്ഞ യൂറോയിലെ ഏറ്റവും മികച്ച ഗോളായി തെരഞ്ഞെടുക്കപ്പെട്ടത്. പരസ്പരം കളിച്ച അഞ്ച് മത്സരങ്ങളിൽ പോർച്ചുഗൽ നാലും ചെക്ക് റിപ്പബ്ലിക് ഒറു മത്സരത്തിലുമാണ് ജയിച്ചത്.

ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ആദ്യമായി യൂറോ കപ്പിനെത്തുന്ന ജോർജിയ, തുർക്കിയുമായി ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 9.30നാണ് മത്സരം. ചരിത്രത്തിലെ ആദ്യ മേജർ ടൂർണമെൻറിനിറങ്ങുന്ന ജോർജിയയ്ക്ക് 2008ലെ സെമി ഫൈനലിസ്റ്റുകലായ തുർക്കിക്കെതിരായ മത്സരം കടുപ്പമായിരിക്കും എന്നുറപ്പ്. അവസാന രണ്ട് യുറോ കപ്പിലും ഗ്രൂപ്പ് ഘടത്തിൽ പുറത്തായ തുർക്കിക്ക് അഭിമാന പോരാട്ടമാണിത്. 30 കളിയിൽ 15 ഗോൾ നേടിയ ഇന്റർ മിലാൻ സ്ട്രൈക്കർ ക്വിച്ച ക്വാരസ്കേലിയയെ പിടിച്ചുകെട്ടുവകയാവും തുർക്കിയുടെ പ്രധാനവെല്ലുവിളി.തുർക്കി നിരയിൽ റയൽ മാഡ്രിഡിന്റെ യുവതാരം ആർദ ഗുലെർ, കെനാൻ യിൽഡിസ്, ബാരിസ് യിൽമാസ് എന്നിവരുടെ പ്രകടനം നിർണായകമാവും.

Leave a Reply

Your email address will not be published. Required fields are marked *