Your Image Description Your Image Description

 

മ്യൂണിക്ക്: യൂറോകപ്പിൽ ഇംഗ്ലണ്ടിന് വിജയത്തുടക്കം. ഇംഗ്ലണ്ട് ഒറ്റഗോളിന് സെർബിയയെ തോൽപിച്ചു. വിറച്ചെങ്കിലും ജയിച്ച് തുടങ്ങി ഇംഗ്ലണ്ട്. കളിയുടെ വിധി നിശ്ചയിച്ചത് പതിമൂന്നാം മിനിറ്റിൽ ജൂഡ് ബെല്ലിംഗ്ഹാം. ലീഡുയർത്താൻ ഇംഗ്ലണ്ട് കിണഞ്ഞ് ശ്രമിച്ചു, ഫലം കണ്ടില്ല. ഒപ്പമെത്താൻ സെർബിയ സാധ്യമായ വഴികളെല്ലാം തേടി. പക്ഷേ, ഒറ്റ ഗോളിൽ വിലപ്പെട്ട മൂന്ന് പോയിന്റുമായി ഇംഗ്ലണ്ട്. വ്യാഴാഴ്ച ഡെൻമാർക്കാണ് ഇംഗ്ലണ്ടിന്റെ അടുത്ത എതിരാളികൾ. സെർബിയ സ്ലോവേനിയയുമായും ഏറ്റുമുട്ടും.

അതേസമയം, ഡെൻമാർക്ക് – സ്ലോവേനിയ മത്സരം സമനിലയിൽ അവസാനിച്ചു. ഇരുടീമും ഓരോ ഗോൾ വീതം നേടി. പതിനേഴാം മിനിറ്റിൽ ക്രിസ്റ്റ്യൻ എറിക്‌സൻ ഡെൻമാർക്കിനെ മുന്നിലെത്തിച്ചു. കഴിഞ്ഞ യൂറോകപ്പിൽ ഹൃദയാഘാതത്തെ കളിക്കളത്തിൽ കുഴഞ്ഞു വീണ താരമാണ് എറിക്‌സൻ. എഴുപത്തിയേഴാം മിനിറ്റിൽ എറിക് ജാൻസയാണ് സ്ലോവേനിയയുടെ സമനിലഗോൾ നേടിയത്.

നേരത്തെ, പോളണ്ടിനെ വീഴ്ത്താൻ നെതർലൻഡ്‌സിനായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ജയം. മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് പോളണ്ട്. 16ആം മിനുട്ടിൽ പറന്നെത്തിയ കോർണർ കിക്കിന് തലവച്ച് ആദം ബുക്‌സ ലീഡ് സമ്മാനിച്ചു. അടിയേറ്റതോടെ ഇരമ്പിയാർത്ത് ഡച്ച് പട. പോളണ്ട് ഗോൾമുഖത്ത് തുടരെ ആക്രമണം. 29-ാം മിനുട്ടിൽ കോഡി ഗാപ്‌കെ തൊടുത്ത തീയുണ്ട പോളിഷ് താരത്തെ സ്പർശിച്ച് വലയിലേക്ക്. ലീഡുയർത്താനുള്ള ഒരുപിടി അവസരങ്ങൾ നെതർലൻഡ് താരങ്ങൾ കളഞ്ഞുകുളിച്ചു. മികച്ച സേവുകളുമായി ഷെസ്‌നി പോളണ്ടിന്റെ രക്ഷകനായി.

ആക്രമണവും പ്രതിരോധവുമായി രണ്ടാം പകുതി മുന്നേറിയപ്പോൾ ഗോളുകൾ മാറിനിന്നു. മത്സരം സമനിലയിലേക്കെന്ന് തോന്നിപ്പിച്ചപ്പോൾ പകരക്കാർ കളത്തിലിറങ്ങി. കാലിൽ കിട്ടിയ ആദ്യ പന്ത് തന്നെ വലയിലെത്തിച്ച് നെതർലൻഡ്‌സിനായി വൗട്ട് വെഗോസ്റ്റിന്റെ രക്ഷാപ്രവർത്തനം. കൂടെയെത്താൻ പോളണ്ട് ആഞ്ഞ് ശ്രമിച്ചെങ്കിലും കോട്ട തീർത്ത് നെതർലാൻഡ് ഗോളി വെബ്രുഗൻ. ഒടുവിൽ വിസിൽ മുഴങ്ങിയപ്പോൾ ഡച്ചാരവം. അടുത്ത മത്സരത്തിൽ നെതർലൻഡ്‌സ് ഫ്രാൻസിനെയും പോളണ്ട് ഓസ്ട്രിയയെയും നേരിടും.

 

Leave a Reply

Your email address will not be published. Required fields are marked *