Your Image Description Your Image Description

 

തിരുവനന്തപുരം: കുവൈത്ത് തീപിടിത്തത്തിന് പിന്നാലെ മന്ത്രി വീണാ ജോർജിന് യാത്രക്ക് അനുമതി നിഷേധിച്ചത് ശരിയായില്ലെന്ന് മന്ത്രി സജി ചെറിയാൻ. കേന്ദ്ര സമീപനം പ്രയാസമുണ്ടാക്കുന്നതാണെന്നും പരിക്കേറ്റവരുടെ ചികിത്സ ഉറപ്പാക്കാനാണ് ആരോഗ്യമന്ത്രി തന്നെ പോകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിദേശ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ള നടപടികൾ കേന്ദ്ര സ‍ർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

യാത്രക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതോടെയാണ് മന്ത്രിയുടെ കുവൈത്ത് യാത്ര മുടങ്ങിയത്. പൊളിറ്റിക്കൽ ക്ലിയറൻസ് കിട്ടാത്തതിനാലാണ് യാത്ര ഉപേക്ഷിച്ചതെന്ന് മന്ത്രി വീണാ ജോർജ് കൊച്ചി വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. അനുമതി കിട്ടാത്തതിനാൽ കൊച്ചി വിമാനത്താവളത്തിൽ തുട‍ർന്ന മന്ത്രി ഇവിടെ നിന്ന് മടങ്ങുകയായിരുന്നു. ഇന്നലെ രാത്രി 10.30നാണ് കുവൈത്തിലേക്കുള്ള വിമാനം പുറപ്പെട്ടത്. രാത്രി ഒമ്പതു മണിയായിട്ടും അനുമതി ലഭിക്കാതായതോടെയാണ് മന്ത്രി യാത്ര ഉപേക്ഷിച്ചതായി വ്യക്തമാക്കിയത്.

തീപിടിത്തത്തിൽ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായുള്ള വ്യോമസേനയുടെ വിമാനം കൊച്ചി വിമാനത്താവളത്തിലെത്തി. മൃതദേഹങ്ങൾ കൊച്ചിയിൽ നിന്ന് ആംബുലൻസിൽ വിവിധ ജില്ലകളിലേക്ക് മാറ്റി. 23 മലയാളികളുടെയും ഏഴു തമിഴ്നാട്ടുകാരുടെയും ഒരു കർണാടക സ്വദേശിയുടെയും മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്. ബാക്കി 14 മൃതദേഹങ്ങളുമായി വിമാനം ദില്ലിക്ക് പോയി. 31 മൃതദേഹങ്ങളും പൊതുദർശനത്തിന് വെച്ച ശേഷമാണ് വീടുകളിലേക്ക് കൊണ്ടുപോയത്. ഓരോ പൊലീസ് വാഹനവും ആംബുലൻസിനെ അനുഗമിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *