Your Image Description Your Image Description

 

കണ്ണൂർ: കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. മാട്ടൂൽ സ്വദേശി അഹമ്മദ് അലിയാണ് അറസ്റ്റിലായത്. 32.5 ഗ്രാം മെത്താംഫിറ്റമിനാണ് പിടികൂടിയത്. ഇയാൾ കാറിൽ മയക്കുമരുന്നുമായി കടന്നുകളയാൻ ശ്രമിക്കുമ്പോഴാണ് എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖും സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

കൂട്ടുപുഴ ചെക്ക് പോസ്റ്റ് വഴി ലഹരിക്കടത്ത് പതിവാകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുപതോളം തവണ ലഹരിക്കടത്ത് പിടികൂടി. വാഹന പരിശോധനക്കിടെ മുൻപിലെ ഉദ്യോഗസ്ഥനെ തള്ളിമാറ്റി കാറിൻറെ പിൻഭാഗത്ത് പരിശോധിക്കുകയായിരുന്ന ഉദ്യോഗസ്ഥനെ വലിച്ച് കാറിൽക്കയറ്റിയ സംഭവമുണ്ടായി. മൂന്ന് കിലോമീറ്റർ ദൂരം ഉദ്യോഗസ്ഥനുമായി കാർ മുന്നോട്ടുനീങ്ങി. എന്നിട്ട് ഉദ്യോഗസ്ഥനെ വഴിയിലിറക്കിവിടുകയും ചെയ്തു.

അതിനിടെ കർണാടക – കേരള അതിർത്തി ചെക്ക്പോസ്റ്റ് ആയ ബാവലിയിൽ 54.39 ഗ്രാം എം ഡി എം എയുമായി കണ്ണൂർ സ്വദേശികളായ രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. കണ്ണൂർ മാട്ടൂൽ സ്വദേശികളായ മൻസിൽ നിയാസ് (30), മുഹമ്മദ് അമ്രാസ് (24) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്ന് കാറിൽ കണ്ണൂരിലേക്ക് ചില്ലറ വിൽപ്പനക്കായാണ് മയക്കുമരുന്ന് കടത്തിയിരുന്നതെന്ന് പിടിയിലായ യുവാക്കൾ പറഞ്ഞതായി എക്സൈസ് അറിയിച്ചു. കേസിൽ ഒന്നാം പ്രതിയായ നിയാസിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 52.34 ഗ്രാം എം ഡി എം എയും ഇയാളുടെ തന്നെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് കാറിന്റെ ഹാൻഡ് റെസ്റ്റിന്റെ താഴെ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ 2.05 ഗ്രാം എം ഡി എം എയും പിടികൂടി.

പ്രതികളെ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പ്രതികളിൽ നിന്ന് മൂന്ന് മൊബൈൽ ഫോണുകളും ഒരു ഐ പാഡും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *