Your Image Description Your Image Description

 

കോപ്പൻഹേഗൻ: ദക്ഷിണ കൊറിയൻ കമ്പനിയായ സാംയാംഗിന്റെ ന്യൂഡിൽസ് ഉത്പന്നങ്ങൾക്ക് വിലക്കുമായി ഡെൻമാർക്ക്. അമിതമായ അളവിൽ എരിവ് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ദക്ഷിണ കൊറിയയിലെ പ്രമുഖ ബ്രാൻഡിന്റെ ന്യൂഡിൽസാണ് പിൻവലിച്ചിരിക്കുന്നത്. മൂന്ന് ഫ്ലേവറുകളിലുള്ള ന്യൂഡിൽസിനാണ് വിലക്ക്. ബുൾഡാക് 3എക്സ് സ്പൈസി ആൻഡ് ഹോട്ട് ചിക്കൻ, 2 എക്സ് സ്പൈസി ആൻഡ് ഹോട്ട് ചിക്കൻ, ഹോട്ട് ചിക്കൻ സ്റ്റ്യൂ എന്നിവയാണ് പിൻവലിച്ചിട്ടുള്ളത്. ചൊവ്വാഴ്ചയാണ് ന്യൂഡിൽസ് സംബന്ധിയായ മുന്നറിയിപ്പ് ഡെൻമാർക്കിലെ ഭക്ഷ്യ സുരക്ഷാ ഏജൻസി പുറപ്പെടുവിച്ചത്. ഉത്പന്നം ഉപയോഗിക്കരുതെന്നും ഡെൻമാർക്ക് നിർദ്ദേശിച്ചിട്ടുണ്ട്. ഉത്പന്നത്തിലെ നിലവാരത്തിലുള്ള പ്രശ്നമല്ല നടപടിക്ക് കാരണമായിരിക്കുന്നതെന്നാണ് സാംയാംഗ് വിശദമാക്കുന്നത്.

ന്യൂഡിൽസിന് എരിവ് അധികമായതിനാലാണ് നടപടിയെന്നാണ് വ്യക്തമാവുന്നതെന്നും കമ്പനി അന്തർദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. ലോക വ്യാപകമായി തങ്ങളുടെ ഉൽപന്നം കയറ്റി അയയ്ക്കുന്നുണ്ടെന്നും കമ്പനി വിശദമാക്കി. എന്നാൽ ഇത്തരത്തിലൊരു കാരണത്താൽ ഉൽപന്നം തിരികെ വിളിക്കേണ്ടി വരുന്നത് ഇത് ആദ്യമായാണെന്നും കമ്പനി വക്താവ് വിശദമാക്കി.

എന്നാൽ ഉപയോക്താക്കളുടെ പരാതിയെ തുടർന്നാണോ നടപടിയെന്നതിൽ ഇനിയും വ്യക്തത വരാനുണ്ട്. മുളകിൽ അടങ്ങുന്ന കാപ്‌സൈസിൻ എന്ന വസ്തുവിന്റെ അളവ് അമിതമായ അളവിൽ കണ്ടെത്തിയതാണ് നടപടിക്ക് കാരണമെന്ന് വ്യക്തമായിട്ടുണ്ട്. കാപ്‌സൈസിൻ അമിതമായി ശരീരത്തിലെത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. എരിവ് അടങ്ങുന്ന ഭക്ഷണ പ്രേമികൾക്കിടയിൽ നടപടി വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്. ഡെൻമാർക്കിന്റെ മാനദണ്ഡങ്ങളേക്കുറിച്ച് സൂക്ഷമായി പഠിക്കുമെന്നും കമ്പനി വിശദമാക്കി. 1960 മുതൽ ഇൻസ്റ്റന്റ് ന്യൂഡിൽസ് നിർമ്മാണ രംഗത്ത് സജീവമായിട്ടുള്ള കമ്പനിയാണ് സാംയാംഗ്.

Leave a Reply

Your email address will not be published. Required fields are marked *