Your Image Description Your Image Description

 

തിരുവനന്തപുരം: ദേശീയ ഭൂപൈതൃക പ്രദേശമായ വർക്കല പാപനാശത്തെ കുന്നിടിച്ചത് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വിലക്ക് മറികടന്ന്. 2014ൽ ബീച്ചിന് സമീപം ബലിമണ്ഡപം നിർമാണം തുടങ്ങിയപ്പോൾ തന്നെ, കുന്നിടിച്ചുള്ള നിർമാണങ്ങൾ വൻ പാരിസ്ഥിതിക ആഘാതത്തിന് വഴിതെളിയിക്കുമെന്ന് ജിഎസ്ഐ, സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിൽ ഒരു നടപടിയും സ്വീകരിക്കാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കിടയാക്കിയത്

വർക്കല പാപനാശം ബീച്ചിനോട് ചേർന്ന് ബലിമണ്ഡപം നിർമാണം തുടങ്ങുന്നത് 2014 ലാണ്. ദേശീയ ഭൂപൈതൃക പ്രദേശമായി പ്രഖ്യാപിച്ച വർക്കല കുന്നുകൾ ഉൾക്കൊള്ളുന്ന പ്രദേശത്ത് വൻകിട നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് ഗുരുതര പ്രത്യാഘാതത്തിന് ഇടയാക്കുമെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, അന്ന് തന്നെ ദുരന്ത നിവാരണ വകുപ്പിന് മുന്നറിയിപ്പ് നൽകിയിരുന്നു. മണ്ണിൻറെ പ്രത്യേക ഘടന മൂലം മഴക്കാലത്ത് മണ്ണിടിച്ചിൽ ഉണ്ടാകുമെന്നും കെട്ടിടങ്ങൾ സുരക്ഷിതമാകില്ലെന്നും റിപ്പോർട്ടിലുണ്ട്.

ബലിതർപ്പണത്തിന് എത്തുന്നവരുടെ സുരക്ഷ പ്രധാനമാണെന്നും ഇതിനായി അടിയന്തരമായി കുന്നുകൾക്കും ബലിമണ്ഡപത്തിനും ഇടയിൽ സമാന്തരമായി ഇരുമ്പ് വേലി സ്ഥാപിക്കണമെന്നും നിർദേശിച്ചു. പക്ഷെ ഒന്നും സംഭവിച്ചില്ല. ഒടുവിൽ അടുത്തിടെയുണ്ടായ കനത്ത മഴയിൽ കുന്നിടിഞ്ഞ് മണ്ഡപത്തിലേക്ക് പതിക്കുകയായിരുന്നു.

ദുരന്ത നിവാരണ സമിതിക്ക് കൈമാറിയ റിപ്പോർട്ട് താഴെ തട്ടിലേക്ക് അയച്ചു കൊടുക്കുകയോ തുടർനടപടികൾ സ്വീകരിക്കുകയോ ചെയ്തില്ല. തങ്ങൾക്ക് ഇത്തരമൊരു റിപ്പോർട്ടിനെ കുറിച്ച് ഒരു അറിവുമില്ലെന്ന് വർക്കല നഗരസഭ ചെയർമാൻ കെ എം ലാജി പറഞ്ഞു. വിവാദങ്ങളെ തുടർന്ന് പാപാനാശത്തെ കുന്നിടിക്കൽ നിർത്തിവെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *