Your Image Description Your Image Description

കൊച്ചി: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ കുവൈത്തിലേക്കുള്ള യാത്ര റദ്ദാക്കി. യാത്രക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെയാണ് മന്ത്രിയുടെ കുവൈത്ത് യാത്ര മുടങ്ങിയത്. പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടാത്തതിനാലാണ് യാത്ര ഉപേക്ഷിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് കൊച്ചി വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. അനുമതി കിട്ടാത്തതിനാൽ ഇതുവരെ മന്ത്രി കൊച്ചി വിമാനത്താവളത്തിൽ തുടരുകയായിരുന്നു. ഇന്ന് രാത്രി 10.30നാണ് കുവൈത്തിലേക്കുള്ള വിമാനം. രാത്രി ഒമ്പതു മണിയായിട്ടും അനുമതി ലഭിക്കാതായതോടെയാണ് മന്ത്രി യാത്രാ ഉപേക്ഷിച്ചതായി വ്യക്തമാക്കിയത്. തുടര്‍ന്ന് മന്ത്രി വിമാനത്താവളത്തില്‍ നിന്നും മടങ്ങി.

യാത്രക്ക് പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടിയില്ലെന്നും കേന്ദ്ര നിലപാട് നിർഭാഗ്യകരമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വിദേശകാര്യ മന്ത്രാലയം യാത്ര അനുമതി നൽകിയില്ല. രാവിലെ തന്നെ അനുമതിക്കായി കേന്ദ്രത്തെ സമീപിച്ചിരുന്നു. അവസാന നിമിഷം വരെ കാത്തിരുന്നിട്ടും അനുവാദം കിട്ടിയില്ല. ദുരന്തത്തിന്‍റെയും കണ്ണീരിന്‍റെയും മുന്നിൽ കേന്ദ്രം സ്വീകരിച്ചത് തെറ്റായ നടപടിയാണ്. എന്തൊക്കെ വന്നാലും ദുരന്തബാധിത കുടുംബങ്ങളെ സംസ്ഥാന സർക്കാർ ചേർത്തുപിടിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

അതേസമയം, കുവൈത്ത് ദുരന്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായി വ്യോമസേനയുടെ വിമാനം കുവൈത്തിലേക്ക് പുറപ്പെട്ടു. ദില്ലിയില്‍ നിന്നാണ് വ്യോമസേനയുടെ സി 130 ജെ വിമാനം ഇന്ന് വൈകിട്ടോടെ കുവൈത്തിലേക്ക് പുറപ്പെട്ടത്. കുവൈത്തില്‍ നിന്നും നടപടികള്‍ പൂര്‍ത്തിയാക്കി തിരിച്ചറിഞ്ഞ ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം ഇന്ത്യയിലേക്ക് തിരിക്കും. നാളെ രാവിലെ 8.30ഓടെ വ്യോമസേന വിമാനം കൊച്ചി വിമാനത്താവളത്തിലെത്തുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

45 ഇന്ത്യക്കാരാണ് മരിച്ചതെന്നാണ് ഇതുവരെയുള്ള ഔദ്യോഗിക സ്ഥിരീകരണം. 45 പേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. തിരിച്ചറിഞ്ഞ 23 മലയാളികളുടെ മൃതദേഹങ്ങള്‍ കൊച്ചിയിലായിരിക്കും എത്തിക്കുകയെന്നാണ് വിവരം. 23 പേര്‍ക്ക് പുറമെ തിരിച്ചറിയാത്തവരില്‍ രണ്ട് മലയാളികള്‍ കൂടിയുണ്ടെന്ന് അനൗദ്യോഗിക വിവരമുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, കുവൈത്തിലേക്ക് പുറപ്പെട്ട വ്യോമസേനയുടെ വിമാനത്തിലാണോ അതോ കുവൈത്ത് എയര്‍വേയ്സിന്‍റെ ചാര്‍ട്ടേഡ് വിമാനത്തിലാണോ മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിക്കുകയെന്ന വിവരം ഇതുവരെ നോര്‍ക്ക അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല.

കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലെത്തിക്കാനുള്ള നടപടിയും നോര്‍ക്ക സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാത്രിയോടെ കൊച്ചിയിലേക്ക് പുറപ്പെട്ടു. രാജ്യറാണി എക്സ്പ്രസിലാണ് മുഖ്യമന്ത്രി കൊച്ചിയിലേക്ക് പോകുന്നത്.

ഇതിനിടെ, കുവൈത്തിലെത്തിയ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധൻ സിംഗ് കുവൈത്ത് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബയുമായി കൂടിക്കാഴ്ച നടത്തി. മരണത്തിൽ ഉപപ്രധാനമന്ത്രി അനുശോചനം അറിയിച്ചെന്നും സഹായങ്ങൾ ഉറപ്പ് നൽകിയെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പരിക്കറ്റ 12 പേർ ചികിത്സയിലുള്ള അദാൻ ആശുപത്രിയും വിദേശകാര്യ സഹമന്ത്രി സന്ദ​ർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *