Your Image Description Your Image Description

കൊച്ചി: കുവൈത്തിലുണ്ടായ ദുരന്തത്തിൽ 23 മലയാളികളുടെ മരണം സ്ഥിരീകരിച്ചതായി ആരോ​ഗ്യമന്ത്രി വീണ ജോർജ്. മലയാളികൾ എന്ന് സംശയിക്കുന്ന 2 പേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മൃതദേഹം എംബാം ചെയ്ത് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. കുവൈത്തിലേക്ക് പോകാനായി കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. കൊച്ചിയിലേക്ക് ഇവ നേരിട്ട് എത്തിക്കണമെന്ന് കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. കൊച്ചിയിൽ 25 ആംബുലൻസുകൾ സജ്ജീകരിച്ചത് അടക്കം എല്ലാ ഒരുക്കങ്ങളും നോർക്ക പൂർത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അതേസമയം, കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ചത് 45 ഇന്ത്യക്കാരാണെന്നും ഇതില്‍ 23 പേര്‍ മലയാളികളാണെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചു. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 49 ഇന്ത്യക്കാരാണ് മരിച്ചതെന്നും ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞതായും നോര്‍ക്ക അധികൃതര്‍ ഉള്‍പ്പെടെ അറിയിച്ചിട്ടുണ്ടെങ്കിലും മരിച്ച 45 ഇന്ത്യക്കാരുടെ പേരുകളാണ് നിലവില്‍ കുവൈത്ത് അധികൃതര്‍ പുറത്തുവിട്ടത്. ഇതില്‍ 23 പേര്‍ മലയാളികളാണെന്നും കുവൈത്ത് അധികൃതര്‍ വ്യക്തമാക്കുന്നു.

തിരിച്ചറിയാൻ ഉള്ളവരില്‍ രണ്ട് പേര്‍ മലയാളികളാണെന്നാണ് ഹെല്‍പ് ഡെസ്കില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. 23 മലയാളികളാണ് മരിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടു പേരുടെ കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്. 9പേര്‍ പരിക്കേറ്റ ഗുരുതരാവസ്ഥയിലാണെന്നും നോര്‍ക്ക സിഇഒ അജിത്ത് കോളശേരി പറഞ്ഞു. 40 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഫ്ലൈറ്റ് സംബന്ധിച്ച വിവരം ഇന്ത്യൻ എംബസിയിൽ നിന്ന് കിട്ടിയിട്ടില്ല. കുവൈത്ത് എയർവെയ്സ് ചാറ്റേർഡ് ഫ്ലൈറ്റിൽ മൃതദേഹങ്ങള്‍ എത്തിക്കുമെന്നാണ് കിട്ടുന്ന വിവരം. ഏത് വിമാനത്താവളത്തിലായിരിക്കും വിമാനം എത്തുക എന്ന് വ്യക്തമായിട്ടില്ല. കേരളത്തിൽ എത്തിച്ചതിന് ശേഷം മൃതദേഹങ്ങൾ വീടുകളിൽ എത്തിക്കാൻ ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്.

ഇന്ത്യൻ എയർഫോഴ്സ് വിമാനം ആണോ, കുവൈത്ത് എയർവെയ്സ് വിമാനം ആണോ എന്നത് സംബന്ധിച്ച് വ്യക്തത കിട്ടിയിട്ടില്ല. എംബസിയുമായി സംസാരിക്കുന്നുണ്ട്. അടുത്ത മണിക്കൂറുകളിൽ കൃത്യമായ വിവരം കിട്ടിയേക്കും. അപകടവുമായി ബന്ധപ്പെട്ട് കമ്പനി ഉടമയുമായി ബന്ധപ്പെട്ടിട്ടില്ല. നിലവിൽ ശ്രദ്ധ രക്ഷാദൗത്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോകകേരള സഭയുടെ ശക്തിയാണ് കുവൈത്തിൽ ഇപ്പോൾ കാണുന്ന ഹെൽപ്പ് ഡെസ്കെന്നും ഒരു മണിക്കൂറിനുള്ളിൽ ഹെല്പ് ഡെസ്ക് സജ്ജമാക്കാനായെന്നും ഇത് പ്രവാസികളുടെ ശക്തിയാണെന്നും ലോക കേരള സഭയുടെ പ്രതിഫലനമാണ് ഇതെന്നും അജിത്ത് കോളശേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *