Your Image Description Your Image Description

പാലക്കാട്: വസ്ത്രങ്ങളെല്ലാം നന്നായി അലക്കി തേച്ച് വൃത്തിയായി നടക്കണമെന്നാണ് ചെറുപ്പം മുതൽ അധ്യാപകരും രക്ഷിതാക്കളും നമ്മളെ പറഞ്ഞു പഠിപ്പിച്ചിട്ടുളളത്. എന്നാല് മണ്ണാർക്കാട് നെല്ലിപ്പുഴ ഡിഎച്ച്എസ് സ്കൂൾ അതിൽ നിന്ന് മാറി നടക്കുകയാണ്. ആഴ്ചയിലൊരു ദിവസം ഈ സ്കൂളിൽ ‘നോ തേപ്പ് ഡേ’യാണ്. നെല്ലിപ്പുഴ ഡിഎച്ച്എസ് സ്കൂളിൽ എല്ലാ ബുധനാഴ്ചയും ആണ് ‘നോ തേപ്പ് ഡേ’ ആയി ആചരിക്കുന്നത്. അതിന് പിന്നിലെ കാരണം കേട്ടാൽ എല്ലാവർക്കും ഇങ്ങനെ ഒരു ദിനം ആചരിക്കാൻ തോന്നും.

മറ്റെല്ലാ ദിവസവും നല്ല വൃത്തിയ്ക്ക് തേച്ചാലും ഒരു ദിവസം ഒരു കാരണവശാലും വസ്ത്രം തേയ്ക്കില്ലെന്ന് ഉറച്ച തീരുമാനം എടുത്തിരിക്കുകയാണ് അധ്യാപകരും വിദ്യാർഥികളും. അതായത് വീട്ടിലെ ഇസ്തിരിപ്പെട്ടിയ്ക്ക് ഒരു ദിവസത്തെ അവധി കൊടുത്തിരിക്കുകയാണ് വിദ്യാർഥികൾ. ദിവസേനയെയുളള തേപ്പ് ഒഴിവാക്കിയാൽ വൈദ്യുതി ബില്ലിൽ 10 ശതമാനം കുറയ്ക്കാനാകുമെന്നതാണ് നോ തേപ്പ് ഡേയ്ക്ക് പിന്നിലെ ലക്ഷ്യം. സ്കൂളിൽ എവിടെ നോക്കിയാലും ചുളിയൻമാരും ചുളിയത്തികളെയുമാണ് കാണാനാവുക സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബിന്‍റെ നേൃത്വത്തിലാണ് അധ്യയന വർഷം മുഴുവൻ നീളുന്ന ഈ പരിപാടി നടപ്പാക്കുന്നത്.

കുട്ടികളോട് മത്സരിച്ച് അധ്യാപകരും ചുക്കി ചുളിഞ്ഞ വസ്തത്രമിട്ടാണ് ഈ ദിവസം സ്കൂളിലേക്ക് വരുന്നത്. ഏറ്റവും കുറവ് ബില്ല് വരുന്ന വീട്ടിലെ കുട്ടിയ്ക്ക് കെഎസ്ഇബി പ്രോത്സാഹന സമ്മാനങ്ങളും നല്കും. അതിനാൽ വിദ്യാർത്ഥികളെല്ലാവരും നോ തേപ്പ് ഡേ ആഘോഷമാക്കുകയാണ്. കുട്ടികളുടെ ഉദ്യമത്തിന് അധ്യാപകരുടെ ഭാഗത്ത് നിന്നും എല്ലാ പിന്തുണയുമുണ്ടെന്ന് പ്രധാനാധ്യാപിക സൌദത്ത് സലീം പറഞ്ഞു. എല്ലാ സ്കൂളുകളിലും നോ തേപ്പ് ഡേ നടപ്പാക്കിയാൽ വൈദ്യുതി ഉപഭോഗം വലിയൊരു അളവിൽ കുറയ്ക്കാനാകുമെന്നാണ് കെഎസ്ഇബിയുടെയും പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *