Your Image Description Your Image Description

പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിനു മുന്നിൽ ഓട റോഡിലേയ്ക്ക് ഇറക്കി നിർമ്മിച്ചുവെന്ന ആക്ഷേപത്തിൽ പ്രതികരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. ആരോപണം നിഷേധിച്ച കെപി ഉദയഭാനു ഭൂമി കയ്യേറിയത് കോൺഗ്രസാണെന്ന് ആരോപിച്ചു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് നിൽക്കുന്ന സ്ഥലം പുറമ്പോക്കാണ്. സ്ഥലം അളക്കാൻ കളക്ടറോട് ആവശ്യപ്പെടുമെന്നും കെപി ഉദയഭാനു പ്രതികരിച്ചു.

അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച വിഷയത്തിൽ നിയമനടപടി സ്വീകരിക്കും. റോഡ് അലൈൻമെന്റിൽ മാറ്റം വരുത്തിയിട്ടില്ല. താൻ സ്ഥലത്ത് പോയിരുന്നു. ജോലി തടസ്സപ്പെടുത്തിയ പഞ്ചായത്ത് പ്രസിഡന്റ് കെകെ ശ്രീധരന്റെ നടപടി പാർട്ടി ഗൗരവമായി പരിശോധിക്കുമെന്നും കെപി ഉദയഭാനു പറഞ്ഞു.

ഏഴംകുളം – കൈപ്പട്ടൂർ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജ്ജിന്‍റെ ഭർത്താവിനെതിരെ സിപിഎം പഞ്ചായത്ത് പ്രസിഡന്‍റ് രംഗത്ത് വന്നത്. മന്ത്രിയുടെ ഭര്‍ത്താവ് ജോർജ്ജ് ജോസഫ് ഇടപെട്ട് ഓവുചാലിൻ്റെ അലൈൻമെന്‍റിൽ മാറ്റം വരുത്തുന്നുവെന്നാണ് കൊടുമൺ പഞ്ചായത്ത് പ്രസിഡന്‍റ് ആരോപിക്കുന്നത്. ജോർജ്ജ് ജോസഫിൻ്റെ കെട്ടിടത്തിന് മുന്നിൽ ഓടയുടെ അലൈൻമെന്‍റ് മാറിയെന്ന് ആരോപിച്ച് ഓട നിർമ്മാണം പഞ്ചായത്ത് പ്രസിഡന്‍റും കോൺഗ്രസും ചേര്‍ന്ന് തടഞ്ഞു. മന്ത്രിയുടെ ഭർത്താവ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്‍റ് കെകെ ശ്രീധരൻ ആരോപിക്കുന്നു.

അതിനിടെ, ആക്ഷേപം തള്ളി മന്ത്രിയുടെ ഭർത്താവ് ജോര്‍ജ്ജ് ജോസഫ് രംഗത്ത് വന്നു. കെട്ടിടം നിർമിച്ചത് ഒന്നര വർഷം മുൻപാണെന്നും റോഡിന്‍റെ അലൈൻമെന്‍റ് തീരുമാനിച്ചത് മൂന്നര വർഷം മുൻപാണെന്നും ജോര്‍ജ്ജ് ജോസഫ് പറയുന്നു. അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റോഡ് നിർമ്മാണം അലൈൻമെന്‍റ് അനുസരിച്ചാണ് നടക്കുന്നതെന്നും ഓവുചാലിൻ്റെ വളവ് അലൈൻമെന്റ് പ്രകാരമെന്നും പൊതുമരാമത്ത് വകുപ്പ് വിശദീകരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *