Your Image Description Your Image Description

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ മൊഴി എടുക്കുന്നതിൽ വീഴ്ച വരുത്തിയ ഡോക്ടർ പ്രീതിക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിതയുടെ പരാതി. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനാണ് പരാതി നൽകിയത്. മെഡിക്കൽ വിദ്യാഭ്യാസ വിഭാഗത്തിന് പരാതി കൈമാറുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അതിജീവിതയെ ആദ്യം പരിശോധിച്ച ഡോക്ടർ പ്രീതി മൊഴിയെടുക്കുന്നതിലും മറ്റും വീഴ്ച വരുത്തിയെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

പ്രീതിക്കെതിരായ പരാതിയിൽ കഴമ്പില്ലെന്നായിരുന്നു പൊലീസിന്‍റെ ആദ്യ കണ്ടെത്തൽ. തുടർന്ന് അതിജീവിത കമ്മീഷണർ ഓഫീസിനു മുന്നിൽ സമരം നടത്തിയതോടെ വീണ്ടും അന്വേഷിച്ചു. നർക്കോട്ടിക് ഡിവൈഎസ്പി ആണ് അന്വേഷണ റിപ്പോർട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറിയത്. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് നൽകാൻ വൈകുന്നതിൽ പ്രതിഷേധിച്ച് അതിജീവിത സമരം കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷര്‍ ഓഫീസിന് മുന്നിലെ റോഡിലേക്ക് നീട്ടിയിരുന്നു.

തൈറോയ്ഡ് ശസ്ത്രക്രിയക്ക് ശേഷം ഐസിയുവില്‍ പ്രവേശിപ്പിച്ച യുവതിയെ അറ്റന്‍ഡര്‍ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഈ പരാതി പിന്‍വലിക്കാന്‍ ആശുപത്രിയിലെ അഞ്ച് ജീവനക്കാര്‍ സന്ദര്‍ശിച്ചു ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി അതിജീവിത ആരോഗ്യ വകുപ്പിനെ സമീപിക്കുകയായിരുന്നു. സെക്യൂരിറ്റി, സിസിടിവി സംവിധാനങ്ങളില്‍ മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചകളുണ്ടെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *