Your Image Description Your Image Description

കോഴിക്കോട്: കത്തുന്ന വേനലും മുങ്ങുന്ന മഴയും വരും കാലങ്ങളിലും ദുരിതമാകാതിരിക്കാന്‍ അവര്‍ ഒരുമിച്ചിറങ്ങുകയാണ്. ലക്ഷ്യപ്രാപ്തിയിലെത്താന്‍ അവര്‍ ഏറ്റെടുത്തിരിക്കുന്നത് വലിയ ഒരു കടമ്പയാണ്. ഒരു വര്‍ഷംകൊണ്ട് കോഴിക്കോട് ജില്ലയില്‍ 50 ഏക്കര്‍ സ്ഥലത്ത് 105 പച്ചത്തുരുത്തുകള്‍ നിര്‍മിക്കാനൊരുങ്ങുന്ന ജില്ലാ ഹരിതകേരള മിഷന്റെ പദ്ധതിയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. പുനഃസ്ഥാപനത്തിലൂന്നിയ ലോക പരിസ്ഥിതിദിന സന്ദേശം ഏറ്റെടുത്താണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന വൃക്ഷങ്ങള്‍ സംരക്ഷിക്കുക എന്നതും പദ്ധതിയുടെ പ്രധാന അജണ്ടയാണ്.

ഇതിന്റെ ഭാഗമായി വൃക്ഷങ്ങള്‍ സംരക്ഷിക്കാന്‍ മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനുമായി ചേര്‍ന്ന് സമഗ്ര പദ്ധതി തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഗ്രീന്‍ കേരള പദ്ധതിയുടെ ഭാഗമായാണ് വംശനാശ ഭീഷണി നേരിടുന്ന മരങ്ങളുടെ തൈകള്‍ തയ്യാറാക്കുന്നത്. പരിസ്ഥിതി ദിനത്തില്‍ ജില്ലാതല ഉദ്ഘാടനം നടന്ന മണിയൂര്‍ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ഒരു ഏക്കര്‍ പച്ചതുരുത്ത് ഉള്‍പ്പെടെയുള്ള പച്ചത്തുരുത്തുകളിലേക്ക് ഉള്ള തൈകളുടെ വിതരണം മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ഡയറക്ടര്‍ ഡോ. എന്‍.എസ് പ്രദീപ് നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു.

ഈ തൈകള്‍ വിവിധ പച്ചത്തുരുത്തുകളിലായി നട്ട് സംരക്ഷിക്കും. ഇത്തരത്തില്‍ ജില്ലയില്‍ 105 പച്ചത്തുരുത്തുകള്‍ ജൂണില്‍ സ്ഥാപിക്കും. നിലവില്‍ 137 ഇടത്തായാണ് പച്ചത്തുരുത്തുള്ളത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങളെ നേരിടുന്നതിലും നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ അവസ്ഥയിലേക്ക് ചുവടുവയ്ക്കുന്നതിലും ഇവയ്ക്ക് വലിയ പങ്കുവഹിക്കാനാകും. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കലണ്ടര്‍ തയ്യാറാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *