Your Image Description Your Image Description

പത്തനംതിട്ട: കനത്ത തോൽവിക്ക് പിന്നാലെ പത്തനംതിട്ട സിപിഎമ്മിൽ പരസ്യമായി പ്രതിഷേധിച്ച ഏരിയ കമ്മിറ്റി അംഗം അൻസാരി അസീസിനോട് സിപിഎം നേതൃത്വം വിശദീകരണം തേടും. ഇതിനായി നാളെ ഏരിയ കമ്മിറ്റി ചേരുമെന്നുമാണ് വിവരം. സ്ഥാനാർഥി നിർണയം പാളിയെന്ന സൂചന നൽകിയായിരുന്നു ഏരിയ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ പ്രത്യക്ഷപ്പെട്ടത്. ഇത് വിവാദങ്ങൾക്ക് വഴിവെക്കുകയായിരുന്നു.

സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാമിന്റെ ചിത്രം വെച്ചാണ് ഏരിയ കമ്മിറ്റി അംഗമായ അൻസാരി അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘വീട്ടിൽ സ്വർണ്ണം വെച്ചിട്ട് എന്തിന് നാട്ടിൽ തേടി നടപ്പൂ’- എന്നായിരുന്നു പോസ്റ്റ്. എന്നാൽ തോൽവിക്ക് പിന്നാലെ ഇട്ട പോസ്റ്റ് വിവാദമായതോടെ അൻസാരി അസീസ് ഡിലീറ്റ് ചെയ്യുകയായിരുന്നു. പത്തനംതിട്ടയില്‍ 66,119 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍ററണി വിജയം നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ അനില്‍ ആന്‍റണിക്ക് കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാനായില്ല. 3,67623 വോട്ടുകളാണ് ആന്‍റോ ആന്‍റണി നേടിയത്. 3,01504 വോട്ടുകള്‍ തോമസ് ഐസക് നേടിയപ്പോള്‍ അനില്‍ ആന്‍റണി നേടിയത് 2,34406 വോട്ടുകളാണ്.

പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളെയും കോട്ടയം ജില്ലയിലെ രണ്ട് മണ്ഡലങ്ങളെയും ഉള്‍പ്പെടുത്തി 2009-ലാണ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലം രൂപീകരിക്കുന്നത്. രൂപീകരണത്തിന് ശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും ആന്റോ ആന്റണി മാത്രമായിരുന്നു വിജയി. കോട്ടയം ജില്ലയില്‍ നിന്ന് കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും പത്തനംതിട്ടയില്‍ നിന്ന് തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളുമാണ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. ക്രൈസ്തവ ന്യൂനപക്ഷത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് പത്തനംതിട്ട. നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ 2019-ല്‍ ആറിടങ്ങളില്‍ യുഡിഎഫും ഒരിടത്ത് മാത്രം എല്‍ഡിഎഫും ജയിച്ച സ്ഥാനത്ത് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളും ഇടതു മുന്നണിക്കൊപ്പമായി.

Leave a Reply

Your email address will not be published. Required fields are marked *