Your Image Description Your Image Description

തദ്ദശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ്. 2024-25 വാർഷിക പദ്ധതിയിലെ പൊതു നിർദേശങ്ങൾ അവതരിപ്പിക്കുന്നതിനും ജില്ലാതല മുൻഗണനാ പദ്ധതികൾ ചർച്ച ചെയ്യുന്നതിനുമായി ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കരുതലോടെ, കാര്യക്ഷമമായി ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കണം. മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നൽകിയിട്ടുള്ള പദ്ധതികളാണ് ജില്ലയിൽ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നത്. ഉൽപ്പാദന മേഖലയിലെ വളർച്ചയ്ക്കായി മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും കുടുംബശ്രീ, സ്വയം സഹായസംഘങ്ങളെ ഏകോപിപ്പിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മാനസിക ഉല്ലാസത്തിനായി ഒരുക്കുന്ന ഹാപ്പിനെസ്സ് പാർക്കുകൾ, എഫ്.എസ്.ടി.പി നിർമ്മാണം, സാനിറ്ററി / ബയോമെഡിക്കൽ മാലിന്യ സംസ്കരണ സംവിധാനം ഒരുക്കുന്നതിനുള്ള ആക്ഷൻ പ്ലാൻ, ഹരിത ടൂറിസം ടെസ്റ്റിനേഷൻ, കൂടുതൽ എബിസി സെന്ററുകൾ ആരംഭിക്കൽ തുടങ്ങിയ പദ്ധതികൾ സമിതി ചർച്ച ചെയ്തു.

തരിശ് നെൽകൃഷി, മില്ലറ്റ് ഗ്രാമം പദ്ധതി, വാഴ കൃഷി, മത്സ്യ കൃഷി, മാലിന്യമുക്ത നവകേരളം, ദാരിദ്ര ലഘൂകരണം, തൊഴിലുറപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എമർജൻസി റെസ്പോൺസ് ടീമിന് ട്രെയിനിങ്, ജില്ലാ സമഗ്ര ക്യാൻസർ നിയന്ത്രണ പരിപാടി, ഭിന്നശേഷി സ്കോളർഷിപ്പ് തുടങ്ങി വികസന വകുപ്പുകൾ ഏറ്റെടുക്കുന്ന സംയോജിത പദ്ധതികളും സമിതിയിൽ അവതരിപ്പിച്ചു.
കാലാവധി പൂർത്തിയാക്കുന്ന ജില്ലാ ആസൂത്രണ സമിതി ചെയർമാൻ ഉല്ലാസ് തോമസിനെ സമിതി ആദരിച്ചു.

തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് സനിത റഹിം, ആസൂത്രണ സമിതി അംഗങ്ങളായ മനോജ് മൂത്തേടൻ, ചന്ദ്രശേഖരൻ നായർ, ഷാന്റി എബ്രഹാം, മേഴ്സി ടീച്ചർ, അനിത ടീച്ചർ, റീത്ത പോൾ, ദീപു കുഞ്ഞുകുട്ടി, ജില്ലാ പ്ലാനിങ് ഓഫീസർ പി.എ ഫാത്തിമ, തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.എം ഷെഫീഖ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *