
പാക്കിസ്ഥാനുമായുള്ള ബന്ധം വഷളായതോടെ വിദേശവ്യാപാരത്തിന് പുതിയ വഴി തേടിയ അഫ്ഗാനിസ്ഥാന്റെ നീക്കത്തിന് ചൈനയുടെ നിസ്സഹകരണം തിരിച്ചടിയാകുന്നു. ചൈനയുമായി ബന്ധിപ്പിക്കുന്ന വാഖൻ അതിർത്തി തുറന്ന് ചരക്കുനീക്ക ഇടനാഴിയാക്കാനായിരുന്നു താലിബാൻ ഭരണകൂടത്തിന്റെ പദ്ധതി. ബാദഖ്ഷാൻ പ്രവിശ്യയിലുള്ള 121 കിലോമീറ്റർ ദൈർഘ്യമുള്ള വാഖൻ പാത സമുദ്രനിരപ്പിൽനിന്ന് ഏകദേശം 5,000 മീറ്റർ ഉയരത്തിലാണ്. ഇതിനായി 365 മില്യൺ അഫ്ഗാനിസ് ചെലവഴിച്ച് റോഡുകളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്താനുള്ള നടപടികളും അഫ്ഗാൻ സ്വീകരിച്ചിരുന്നു. എന്നാൽ അതിർത്തി തുറക്കുന്നതിൽ ചൈന ഇതുവരെ അനുകൂല നിലപാട് വ്യക്തമാക്കിയിട്ടില്ല. ചൈനീസ് ഭാഗത്ത് കസ്റ്റംസ് ഓഫീസ് സ്ഥാപിക്കാനും തയ്യാറായിട്ടില്ല.
വാഖൻ ഇടനാഴി തുറന്നാൽ ചൈനയ്ക്ക് മധ്യേഷ്യൻ രാജ്യങ്ങളിലേക്കും അഫ്ഗാനിസ്ഥാൻ വഴി ഇറാനിലേക്കും ചരക്കുനീക്കം എളുപ്പമാകും. അതേസമയം, പാക്കിസ്ഥാനെ ആശ്രയിക്കാതെ വ്യാപാരപാത കണ്ടെത്താൻ അഫ്ഗാനും സാധിക്കും. മേഖലയിലെ വ്യാപാരത്തിൽ പാക്കിസ്ഥാന്റെ പ്രാധാന്യം കുറയാൻ സാധ്യതയുള്ളതിനാലാകാം ചൈനയുടെ മൗനമെന്നാണ് വിലയിരുത്തൽ. നേരത്തെ അഫ്ഗാനിസ്ഥാന്റെ വിദേശവ്യാപാരത്തിന്റെ പ്രധാന മാർഗം പാക്കിസ്ഥാനായിരുന്നു. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് അതിർത്തികൾ അടച്ചതോടെ കറാച്ചി, ഗ്വാദർ തുറമുഖങ്ങൾ ഉപയോഗിക്കുന്നതിലും വ്യാപാരികൾക്ക് തടസ്സങ്ങൾ നേരിട്ടു.
ഇതോടെ മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം ശക്തമാക്കാനാണ് അഫ്ഗാന്റെ ശ്രമം. കാബൂളിൽ നടന്ന അഞ്ചാമത് ഇമാം അബു ഹനീഫ അന്താരാഷ്ട്ര വ്യാപാര പ്രദർശനത്തിനിടെ ഇന്ത്യ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളുമായി 400 മില്യൺ ഡോളറിന്റെ വ്യാപാരക്കരാറുകളും ഒപ്പിട്ടിരുന്നു. ഇറാനിലെ ചബഹാർ തുറമുഖം കയറ്റുമതിക്കായി ഉപയോഗിക്കാനും അഫ്ഗാൻ ലക്ഷ്യമിടുന്നുണ്ട്. ചബഹാർ പ്രത്യേക സാമ്പത്തിക മേഖലയിൽ 110 ഹെക്ടർ ഭൂമി അനുവദിക്കുന്നതിനുള്ള ധാരണയുണ്ടായിരുന്നെങ്കിലും പിന്നീട് ഇറാൻ ഇതിൽനിന്ന് പിന്മാറി. പാക്കിസ്ഥാൻ വഴിയും ചൈന വഴിയും പ്രതീക്ഷിച്ച നീക്കങ്ങൾ തടസ്സപ്പെട്ടതോടെ അഫ്ഗാനിസ്ഥാന്റെ വ്യാപാരഭാവി പുതിയ പ്രതിസന്ധിയിലായിരിക്കുകയാണ്.
