Home » Blog » kerala Max » പഹൽഗാം ഇരകളുടെ മുറിവിൽ ഉപ്പുതേക്കുന്ന നടപടിയെന്ന് കോൺഗ്രസ്; പാക് മന്ത്രി മുസാദിക് മാലിക്കിനൊപ്പം മോദി വേദി പങ്കിട്ടതിനെച്ചൊല്ലി വിവാദം
modies

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഒരേ നിരയിൽ ഇരിക്കുന്ന പാക്മന്ത്രി മുസാദിക് മാലിക്കിന്റെ ചിത്രം പങ്കുവെച്ച് കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. ‘ഇന്ത്യയെ രക്തത്തിൽ മുക്കുമെന്ന് ഭീഷണിപ്പെടുത്തിയ വ്യക്തിക്കൊപ്പമാണ് പ്രധാനമന്ത്രി ഇരിക്കുന്നത്. അടുത്ത തവണ അദ്ദേഹത്തിന് ബിരിയാണിയും വിളമ്പും’ എന്നായിരുന്നു കോൺഗ്രസിന്റെ പരിഹാസം. നവംബർ 20-ന് ഡൽഹിയിലെ പുരാന ഖിലയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) സിവിലൈസേഷൻസ് ഡയലോഗ് ഉദ്ഘാടന ചടങ്ങിലാണ് മോദിയും പാക് കാലാവസ്ഥാ മന്ത്രി മുസാദിക് മാലിക്കും ഒരേ നിരയിൽ ഇരുന്നത്.

മുസാദിക് മാലിക്ക് നേരത്തെ ഇന്ത്യക്കെതിരെ നടത്തിയ ഭീഷണികൾ ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസിന്റെ വിമർശനം. പാക് ഭീകരരെ അയച്ച് ഇന്ത്യക്കാരെ കൊലപ്പെടുത്തുമ്പോൾ ആ രാജ്യത്തിന്റെ പ്രതിനിധിക്ക് ഇന്ത്യയിൽ സ്വീകരണം നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റും പ്രതികരിച്ചു. മാലിക്കിന് ബിരിയാണിയും കബാബും ഖീറും വിളമ്പുമോയെന്നും താജ്മഹൽ സന്ദർശനത്തിന് സൗകര്യമൊരുക്കുമോയെന്നും അവർ പരിഹസിച്ചു. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ വേദനയെ അവഗണിക്കുന്ന നടപടിയാണിതെന്നും അവർ ആരോപിച്ചു.

കോൺഗ്രസിന്റെ വിമർശനങ്ങൾക്ക് ബിജെപിയും മറുപടിയുമായി രംഗത്തെത്തി. പ്രത്യേക ക്ഷണം നൽകിയിട്ടില്ലെന്നും എസ്‌സിഒയിലെ എല്ലാ അംഗരാജ്യങ്ങളെയും സമ്മേളനത്തിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നും ബിജെപി നേതാവ് നളിൻ കോഹ്ലി വ്യക്തമാക്കി. ഭീകരവാദം തുടരുന്നിടത്തോളം പാകിസ്താനുമായി ഉഭയകക്ഷി ചർച്ചകൾക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും എന്നാൽ ബഹുരാഷ്ട്ര സംഘടനയായ എസ്‌സിഒയുടെ യോഗത്തിൽ അംഗരാജ്യങ്ങളുടെ പങ്കാളിത്തം സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. പത്ത് അംഗരാജ്യങ്ങൾക്കും നിരീക്ഷക രാജ്യങ്ങൾക്കും പങ്കാളികൾക്കും ക്ഷണം നൽകിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാളും വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *