Home » Blog » Kerala » 35 കിരീടങ്ങളുടെ ചരിത്രമുള്ള മെസ്സിയും കരിയർ തുടങ്ങുന്ന യമാലും തമ്മിൽ താരതമ്യം വേണ്ട; തുറന്നടിച്ച് ഉറുഗ്വേ ഇതിഹാസം ലൂയിസ് സുവാരസ്
yamal--1188x659

സ്പാനിഷ് ഫുട്ബോൾ ക്ലബ്ബ് ബാഴ്‌സലോണയുടെ യുവതാരം ലാമിൻ യമാലിന്, ഇതിഹാസ താരം ലയണൽ മെസ്സിയുടെ റെക്കോർഡുകൾക്കൊപ്പമെത്താൻ കഴിയുമോ എന്ന ചോദ്യത്തിന് മറുപടിയുമായി മുൻ ബാഴ്‌സലോണ താരം ലൂയിസ് സുവാരസ്. മെസ്സിയുമായി താരതമ്യം ചെയ്ത് യുവതാരത്തെ ഇപ്പോൾ സമ്മർദ്ദത്തിലാക്കരുതെന്ന് സുവാരസ് വ്യക്തമാക്കി.

“മെസ്സിയുടെ ഔന്നത്യം മറ്റൊരു തലത്തിലാണുള്ളത്. അതിന്റെ അടുത്തെത്താൻ പോലും മറ്റൊരു താരത്തിന് സാധിച്ചെന്ന് വരില്ല. ലാമിൻ യമാൽ വളരെ ചെറുപ്പമാണ്, അയാൾ ബാഴ്‌സലോണയ്ക്കായി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ തന്നെ മെസ്സിയുമായി താരതമ്യപ്പെടുത്തി അയാളെ സമ്മർദ്ദത്തിലാഴ്ത്തുന്നത് ഉചിതമാകില്ല,” സുവാരസ് പറഞ്ഞു. ആറ് വർഷക്കാലം ബാഴ്‌സലോണയുടെ മുന്നേറ്റനിരയിൽ മെസ്സിക്കൊപ്പം കളിച്ച താരമാണ് സുവാരസ്. ഇന്റർ മയാമിയിലും ഇരുവരും ഒന്നിച്ചു കളിച്ചിരുന്നു. 39-ാം വയസ്സിലും വിസ്മയിപ്പിക്കുന്ന പ്രകടനം തുടരുന്ന, ഫുട്ബോളിൽ നേടാവുന്നതെല്ലാം നേടിയ മെസ്സിയോട് 19 വയസ്സ് മാത്രം പ്രായമുള്ള യമാലിനെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നാണ് സുവാരസിന്റെ പക്ഷം.

കരിയറിന്റെ തുടക്കത്തിൽ തന്നെ മികച്ച നേട്ടങ്ങൾ സ്വന്തമാക്കാൻ ലാമിൻ യമാലിന് കഴിഞ്ഞിട്ടുണ്ടെങ്കിലും മെസ്സിയുടെ റെക്കോർഡുകൾ ബഹുദൂരം മുന്നിലാണ്. ലാമിൻ ബാഴ്‌സലോണയ്ക്കൊപ്പം മൂന്ന് ലാ ലിഗ കിരീടങ്ങൾ, രണ്ട് സ്പാനിഷ് സൂപ്പർ കപ്പ്, ഒരു കോപ ഡെൽ റേ എന്നിവയാണ് യമാൽ ഇതുവരെ നേടിയത്. കാറ്റലൻ ക്ലബ്ബിനൊപ്പം 10 ലാ ലിഗ, നാല് യുവേഫ ചാമ്പ്യൻസ് ലീഗ്, എട്ട് സ്പാനിഷ് സൂപ്പർ കപ്പ്, ഏഴ് കോപ ഡെൽ റേ, മൂന്ന് യുവേഫ സൂപ്പർ കപ്പ്, മൂന്ന് ഫിഫ ക്ലബ്ബ് ലോകകപ്പ് എന്നിവയുൾപ്പെടെ 35 പ്രധാന കിരീടങ്ങളാണ് മെസ്സി നേടിയത്. ഇതിനുപുറമെ നിരവധി വ്യക്തിഗത പുരസ്കാരങ്ങളും മെസ്സിയുടെ പേരിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *