Home » Blog » kerala Max » ആവേശത്തോടെ സ്വീകരിച്ചവർ പടിയിറങ്ങുമ്പോൾ തിരിച്ചടി; ബിജെപിയിലെ ‘വരുത്തരുടെ’ മടക്കയാത്ര നേതൃത്വത്തിന് തലവേദനയാകുന്നു
w-412,h-232,croprect-1x0x1278x718,imgid-01m7sc18yjkm6fekgy5ppah9at,imgname-mixcollage-19-nov-2026-01-10-pm-1639-1795074073553

മറ്റു പാർട്ടികളിൽനിന്ന് ബിജെപിയിലെത്തുന്ന നേതാക്കൾ അധികകാലം പാർട്ടിയിൽ തുടരാതെ മടങ്ങിപ്പോകുന്നത് കേരളത്തിലെ ബിജെപിയിൽ പുതിയ വിവാദമാകുന്നു. നേതാക്കളെ പാർട്ടിയിലെത്തിക്കാൻ കാണിക്കുന്ന ആവേശം അവരെ ഒപ്പം നിർത്തുന്നതിൽ നേതൃത്വത്തിനില്ലെന്നാണ് മുതിർന്ന നേതാക്കളുടെ വിമർശനം. പുതിയതായി എത്തുന്നവർക്ക് അർഹിക്കുന്നതിലേറെ പ്രാധാന്യവും സ്ഥാനങ്ങളും നൽകുന്നതും പിന്നീട് അവ നിലനിർത്താൻ കഴിയാത്തതും തിരിച്ചുപോക്കിന് കാരണമാകുന്നുവെന്നാണ് വിമർശനം. സംസ്ഥാന നേതൃത്വത്തെപ്പോലും അറിയിക്കാതെ ദേശീയ നേതാക്കൾ ചിലർ മാത്രം തീരുമാനിക്കുന്ന കൂറുമാറ്റങ്ങളും പാർട്ടിക്കുള്ളിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

പദ്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനവും കെപിസിസി മുൻ സെക്രട്ടറി തൊടിയൂർ രാമചന്ദ്രന്റെ പാർട്ടി മാറ്റവുമടക്കം ചർച്ചകളിൽ ഇടംപിടിക്കുന്നു. സിനിമാ മേഖലയുൾപ്പെടെ വിവിധ രംഗങ്ങളിൽനിന്ന് ബിജെപിയിലെത്തിയ പലരുടെയും ബന്ധം അധികകാലം നീണ്ടുനിന്നില്ല. തിരഞ്ഞെടുപ്പ് സമയത്ത് മറ്റു പാർട്ടികളിൽനിന്നെത്തി മത്സരിക്കുന്നവരിൽ പലരും പിന്നീട് സജീവമായി പാർട്ടിയിൽ തുടരുന്നില്ലെന്നാണ് രണ്ടാംനിര നേതാക്കളുടെ ആരോപണം. കഴിഞ്ഞ രണ്ടുമൂന്ന് തിരഞ്ഞെടുപ്പുകളിൽ എത്തിയവരിൽ വളരെ കുറച്ചുപേർ മാത്രമാണ് ഇപ്പോഴും സജീവമായുള്ളതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മറ്റു പാർട്ടികളിൽനിന്ന് എത്തുന്നവരെ വിശാലമനസ്സോടെ സ്വീകരിച്ച് ഒപ്പം നിർത്തണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിർദേശം. മുതിർന്ന കോൺഗ്രസ് നേതാക്കളുടെ മക്കൾ, എ.പി. അബ്ദുള്ളക്കുട്ടിയെപ്പോലെ ഇടത് വിദ്യാർഥി സംഘടനകളിൽ പ്രവർത്തിച്ചവർ, സിനിമാതാരങ്ങൾ, ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ള പ്രമുഖർ എന്നിവരുടെ ബിജെപി പ്രവേശനം ദേശീയതലത്തിൽ പാർട്ടിക്ക് സ്വീകാര്യത നൽകുമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാൽ, പുതിയ നേതാക്കളെ കൊണ്ടുവരുന്നതും അവരെ നിലനിർത്തുന്നതും സംബന്ധിച്ച തർക്കം കേരള ബിജെപിയിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *