Home » Blog » kerala Max » 4 രൂപയുടെ വൈദ്യുതി 11 രൂപയ്ക്ക് വാങ്ങി!; വിവാദത്തിൽ ഉപഭോക്താക്കളുടെ അഭിപ്രായം തേടാൻ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ
kseb-1-680x450

തിരുവനന്തപുരം: സ്വകാര്യ കമ്പനിയായ വി.ഇ.എച്ച്. ഗ്ലോബലിൽനിന്ന് ടെൻഡർ നടപടികളില്ലാതെ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഉപഭോക്താക്കളുടെ അഭിപ്രായം തേടാൻ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. ഡിസംബർ 16-ന് ഉച്ചയ്ക്ക് 2.30-ന് നടക്കുന്ന തെളിവെടുപ്പിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാം. ഇടപാട് അംഗീകരിക്കണമെന്ന കെ.എസ്.ഇ.ബി.യുടെ അപേക്ഷ പരിഗണിച്ചാണ് കമ്മീഷന്റെ നടപടി.

നാല് രൂപയിൽ താഴെ വിലയുള്ള കാറ്റാടി വൈദ്യുതി യൂണിറ്റിന് 11 രൂപ നിരക്കിൽ വാങ്ങിയതാണ് വിവാദമായത്. റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതിയില്ലാതെയായിരുന്നു ഇടപാട്. വൈദ്യുതി വാങ്ങിത്തുടങ്ങി ഒന്നരമാസത്തിനുശേഷമാണ് കെ.എസ്.ഇ.ബി. അംഗീകാരത്തിനായി കമ്മീഷനെ സമീപിച്ചത്. 11 രൂപയെന്ന നിരക്കിന് കമ്മീഷന്റെ അനുമതി വേണമെന്ന വ്യവസ്ഥ കമ്പനിയുടെ ഓഫറിലുണ്ടായിരുന്നെങ്കിലും അനുമതി തേടാതെ സർക്കാർ വൈദ്യുതി വാങ്ങാൻ അനുമതി നൽകിയെന്നാണ് റിപ്പോർട്ട്. കേരളത്തിലെത്തിയപ്പോഴേക്കും യൂണിറ്റിന്റെ യഥാർഥ ചെലവ് 13.79 രൂപയായി ഉയർന്നതായും റിപ്പോർട്ടിലുണ്ട്.

4.6 കോടി യൂണിറ്റ് വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കിയെങ്കിലും ലഭിച്ചത് 59 ലക്ഷം യൂണിറ്റ് മാത്രമാണ്. ഇതിനായി ആകെ 7.48 കോടി രൂപ ചെലവായെന്നും കെ.എസ്.ഇ.ബി. വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബറിലെ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ മറ്റ് മാർഗങ്ങളില്ലാത്ത സാഹചര്യത്തിലാണ് വി.ഇ.എച്ച്. ഗ്ലോബലിൽനിന്ന് വൈദ്യുതി വാങ്ങിയതെന്നാണ് ബോർഡിന്റെ വിശദീകരണം. കരാറിന്റെ നിരക്കും നടപടിക്രമങ്ങളും സംബന്ധിച്ച കാര്യങ്ങൾ ഇനി കമ്മീഷന്റെ തെളിവെടുപ്പിൽ പരിശോധിക്കപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *