
വാരാണസിയിൽ നിന്ന് ഗൊരഖ്പൂരിലേക്ക് യാത്ര ചെയ്യാൻ ട്രെയിനിൽ കയറിയ യുവാവിന് റെയിൽവേയുടെ വിചിത്ര പിഴവ് മൂലം ദുരനുഭവം. ടിക്കറ്റിൽ കൺഫേം ചെയ്ത 54-ാം നമ്പർ ബെർത്ത് അന്വേഷിച്ച് കോച്ചിലാകെ നടന്നിട്ടും കണ്ടെത്താനായില്ല. കാരണം, എ1 കോച്ചിൽ ആകെ ഉണ്ടായിരുന്നത് 52 ബെർത്തുകൾ മാത്രമായിരുന്നു. ഇഷാൻ ബാജ്പേയ് എന്ന യാത്രക്കാരനാണ് ഈ അനുഭവം എക്സിലൂടെ പങ്കുവച്ചത്.
രാത്രി മുഴുവൻ നീളുന്ന യാത്രയ്ക്കായി ലഭിച്ച ടിക്കറ്റിൽ 54-ാം നമ്പർ ബെർത്താണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ കോച്ചിൽ ആ ബെർത്ത് ഇല്ലാതിരുന്നതിനാൽ ഇരിക്കാൻ പോലും ഇടമില്ലാതെ ഇഷാൻ വലഞ്ഞു. രാത്രി 10.45ഓടെയാണ് സംഭവം നടന്നത്. അനുവദിച്ച സീറ്റ് അന്വേഷിച്ച് കോച്ചിനുള്ളിൽ നടക്കുന്നതും ബെർത്തുകൾ എണ്ണിനോക്കുന്നതുമെല്ലാം ഉൾപ്പെടുത്തിയ വിഡിയോയും ടിക്കറ്റ് വിവരങ്ങളും യുവാവ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. റെയിൽവേ ഹെൽപ്പ്ലൈൻ നമ്പറായ 139-ൽ വിളിച്ച് പരാതി നൽകിയതായും അറിയിച്ചു.
ഇഷാന്റെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ വിഷയം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറിയതായി റെയിൽവേ അറിയിച്ചു. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി. കൺഫേം ടിക്കറ്റ് ലഭിച്ചിട്ടും കോച്ചിൽ അനുവദിച്ച ബെർത്ത് കണ്ടെത്താനാകാത്ത സംഭവം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
