Your Image Description Your Image Description

കൊല്ലം: വിപണിയിൽ 50 ലക്ഷം രൂപയുടെ വിലയുള്ള 108 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൊല്ലത്തുനിന്നും പിടികൂടി. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. നിരോധിത പുകയില ഉൽപ്പന്നങ്ങളുമായെത്തിയ പിക്കപ്പ് ഓടിച്ചിരുന്ന തിരുവനന്തപുരം ജില്ലയിൽ തൊളിക്കുഴി എന്ന സ്ഥലത്ത് പഴയ കുന്നുമ്മൽ വീട്ടിൽ സവാദ് മൻസിലിൽ മുഹമ്മദ് സവാദ് മകൻ സജിൻ മുഹമ്മദ് (21), വിൽപ്പനയ്ക്കായി ശേഖരിച്ച് വിതരണം ചെയ്ത കൊല്ലം ജില്ലയിൽ നിലമേൽ കറന്തലക്കോട് ഷാജഹാൻ മൻസിൽ ഷറഫുദ്ദീൻ മകൻ ഷിബു (44) എന്നിവരാണ് പിടിയിലായത്. ഷിബു നേരത്തെയും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ കേസിൽ പ്രതിയാണ്.

കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആനന്ദവല്ലി ക്ഷേത്രത്തിന് സമീപം ഇന്നലെ പുലർച്ചെ നാലുമണിക്ക് ആയിരുന്നു സംഭവം. നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കായി എത്തുന്ന വിവരമറിഞ്ഞ് ആനന്ദവല്ലിശ്വരം ക്ഷേത്രത്തിന് സമീപം കൊല്ലം വെസ്റ്റ് പോലീസ് സബ് ഇൻസ്പെക്ടർ ഹസ്സൻ കുഞ്ഞിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തിയിരുന്നു. ഇതിനിടെ പ്രതികളെത്തിയ വാഹനം പൊലീസ് കൈ കാണിച്ച് തടഞ്ഞു. എന്നാൽ പൊലീസിനെ വെട്ടിച്ച് വാഹനം വെട്ടിത്തിരിച്ചതോടെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് പിക്കപ്പ് വാൻ നിന്നു.

ഈ സമയം വാഹനത്തിൽ നിന്നും ഡ്രൈവർ ഇറങ്ങി ഓടി രക്ഷപ്പെട്ടു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ചവറ ഭാഗത്തേക്ക് വിൽപ്പനയ്ക്കായി കൊണ്ടുപോയ നിരോധിത ഉൽപ്പന്നങ്ങൾ ആണ് വാഹനത്തിലെന്ന് മനസ്സിലായത്. ആൽത്തറമൂട് സമീപമുള്ള ജിഎസ്ടി വകുപ്പിന്റെ വാഹനം കണ്ടതോടെ രക്ഷപ്പെടുന്നതിന് വേണ്ടി കൊല്ലം ഭാഗത്ത് തിരികെ വരുമ്പോൾ ആയിരുന്നു ആനന്ദ സ്ഥലത്തുള്ള ഡിവൈഡറിൽ ഇടിച്ചത്. സംഭവത്തിനുശേഷം ഒളിവിൽ പോയ സജിൻ മുഹമ്മദിനേയും ഷിബുവിനേയും ഇന്ന് വൈകുന്നേരം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഷിബുവിനെ നിലമേൽ നിന്നും സജിൻ മുഹമ്മദിനെ തൊളിക്കുഴിക്ക് സമീപമുള്ള ഒരു ബന്ധുവിന്റെ വീട്ടിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുകിയല ഉത്പന്നങ്ങൾ എവിടെ നിന്നാണ് ലഭിച്ചതെന്നും ആർക്കു വേണ്ടിയാണ് കൊണ്ടുവന്നതെന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts