Your Image Description Your Image Description

റോക്കറ്റ് വേഗത്തില്‍ കുതിക്കുകയാണ് സ്വര്‍ണവില. സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് സ്വർണത്തിന്റെ ഇപ്പോഴത്തെ വില നെഞ്ചിടിപ്പ് കൂട്ടും. പക്ഷേ, വിറ്റ് പണമാക്കാനിരിക്കുന്നവര്‍ക്ക് ഇത് നല്ല സമയമാണ്. കൈയിലുള്ള സ്വര്‍ണം വില്‍ക്കണമെങ്കില്‍ സ്വര്‍ണക്കടകളിലേക്ക് പോകണം.
എന്നാല്‍ സ്വര്‍ണമിടപാടിന് എടിഎം മെഷീന്‍ പോലൊരു യന്ത്രം ഉണ്ടായിരുന്നെങ്കിലോ? കൈയിലുള്ള സ്വര്‍ണം എടിഎം പോലുള്ള ഒരു മെഷീനില്‍ ഇട്ടാല്‍ അത് ഉരുക്കി, തൂക്കവും പരിശുദ്ധിയും അളന്ന് അന്നത്തെ വില നോക്കി അപ്പോള്‍ തന്നെ കാശ് കിട്ടുന്ന ഒരു സംവിധാനം. എന്ത് വേഗത്തിലാകുമായിരുന്നു കാര്യങ്ങൾ.

എന്നാല്‍ അങ്ങനെയൊരു സ്മാര്‍ട് ഗോള്‍ഡ് എടിഎം യാഥാര്‍ത്ഥ്യമായിരിക്കുകയാണ് ചൈന. ചൈനയില്‍ ഒരു ഷോപ്പിങ് മാളില്‍ സ്ഥാപിച്ചിരിക്കുന്ന സ്വര്‍ണ എടിഎമ്മിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. ചെറിയൊരു സര്‍വീസ് ഫീസ് മാത്രം ഈടാക്കിയാണ് ഈ യന്ത്രം ഉപയോഗിച്ചുള്ള സ്വര്‍ണമിടപാടുകള്‍ നടക്കുന്നത്. ചൈനയിലെ കിങ്ഹുഡ് ഗ്രൂപ്പ് എന്ന കമ്പനിയാണ് ഈ സ്മാര്‍ട്ട് ഗോള്‍ഡ് എടിഎം വികസിപ്പിച്ചത്. സ്വര്‍ണം പരിശോധിച്ച്, ഉരുക്കി, ഭാരം നോക്കി, ശുദ്ധി ഉറപ്പുവരുത്തി വിപണിയിലെ വില ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ടു തരുന്ന യന്ത്രമാണിത്.

മൂന്ന് ഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള സ്വര്‍ണം ഈ യന്ത്രം സ്വീകരിക്കും. എന്നാൽ അത് 50 ശതമാനത്തില്‍ കൂടുതല്‍ ശുദ്ധമായ സ്വര്‍ണമായിരിക്കണം. അരമണിക്കൂറിനുള്ളില്‍ ഇടപാടുകള്‍ നടക്കുമെന്നതാണ് യന്ത്രത്തിന്റെ പ്രധാന സവിശേഷത. ഈ യന്ത്രം വഴി സ്വര്‍ണം വില്‍ക്കാന്‍ വന്‍ ജനത്തിരക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണത്തിന് വിലകൂടിയതോടെ കയ്യിലുള്ള സ്വര്‍ണാഭരണങ്ങളും മറ്റും പണമാക്കി മാറ്റുന്നവരുടെ എണ്ണത്തില്‍ ഇന്ത്യയിലുള്‍പ്പടെ ആഗോളതലത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്‌. സ്വര്‍ണാഭരണങ്ങളുടെ വലിയൊരു വിപണിയായ ഇന്ത്യയിലും ഇത്തരം എടിഎമ്മുകള്‍ ഏറെ പ്രയോജനകരമാണ്. എന്നാല്‍ അവ എന്ന് ഇന്ത്യയിലെത്തുമെന്നതിലാണ് സംശയം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts