Your Image Description Your Image Description

പ്രമുഖ മോഡലും സോഷ്യൽ മീഡിയ താരവുമായ സാൻ റേച്ചൽ ജീവനൊടുക്കി. പുതുച്ചേരിയിൽ ഞായറാഴ്ചയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശ നിലയിൽ ഇവരെ കണ്ടെത്തിയത്.വലിയ അളവിൽ ഗുളികകൾ കഴിച്ചായിരുന്നു ആത്മഹത്യ ശ്രമം. രണ്ട് ആശുപത്രികളിൽ ചികിത്സതേടി, ഒടുവിൽ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (JIPMER) വെച്ചായിരുന്നു മരണത്തിന് കീഴടങ്ങിയത്. വർണ്ണവിവേചനത്തിനെതിരെ ശക്തമായ നിലപാടെടുത്തതിന്റെ പേരിൽ ശ്രദ്ധേയയായിരുന്നു റേച്ചൽ. അടുത്തിടെയാണ് 26 കാരിയായ റേച്ചൽ വിവാഹിതയായത്.

പിതാവിനെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു റേച്ചൽ അമിതമായ അളവിൽ ഗുളികകൾ കഴിച്ചതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഉടൻതന്നെ ഒരു സർക്കാർ ആശുപത്രിയിലും പിന്നീട് ഒരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും, ഒടുവിൽ ജിപ്‌മെറിൽ മരണം സംഭവിക്കുകയായിരുന്നു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും, സമ്മർദ്ദവും വ്യക്തിപരമായ പ്രശ്നങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

തന്റെ പ്രൊഫഷണൽ ആവശ്യങ്ങൾക്കായി, റേച്ചൽ അടുത്തിടെ ആഭരണങ്ങൾ പണയം വെക്കുകയും വിൽക്കുകയും ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പിതാവിൽ നിന്ന് സാമ്പത്തിക സഹായം പ്രതീക്ഷിച്ചിരുന്നെങ്കിലും, അദ്ദേഹത്തിന്റെ കയ്യിൽ പണമില്ലാതെ വന്നതോടെയാണ് ജീവനൊടുക്കിയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. പൊലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ തൻ്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നാണ് എഴുതിയിരിക്കുന്നത്. വൈവാഹിക പ്രശ്നങ്ങൾ മാനസിക നിലയെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ തഹസിൽദാർ തലത്തിലുള്ള അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

മോഡലിംഗ് രംഗത്ത് തന്റേതായ ഒരിടം കണ്ടെത്തിയ വ്യക്തിയായിരുന്നു സാൻ റേച്ചൽ. തൻ്റെ മോഡലിംഗ് ജീവിതത്തിലൂടെ മാത്രമല്ല, സിനിമയിലും ഫാഷൻ ലോകത്തും വര്‍ണ താൽപ്പര്യങ്ങളെ ചോദ്യം ചെയ്തതിലൂടെയും അവർ ശ്രദ്ധ നേടിയിരുന്നു. ഇരുണ്ട നിറമുള്ള വ്യക്തികൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന വിവേചനങ്ങളെക്കുറിച്ച് അവർ തുറന്നു സംസാരിക്കുകയും, ഉൾക്കൊള്ളലും പ്രാതിനിധ്യവും സംബന്ധിച്ച പ്രധാന കാര്യങ്ങൾ വിളിച്ചുപറയാൻ തൻ്റെ വേദികൾ അവര്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. 2022-ൽ മിസ് പുതുച്ചേരി കിരീടവും അവർ നേടിയിരുന്നു.

Related Posts