ന്യൂഡൽഹി: എഐസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷങ്ങൾക്കിടെ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതൃത്വം. ആഘോഷങ്ങൾക്കിടെ ഗാനം പാടിത്തീരുന്നതിന് മുൻപ് നിർത്താൻ ശ്രമിച്ചു എന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
ഇന്ദിരാ ഭവനിൽ വന്ദേമാതരത്തിന്റെ പൂർണ്ണരൂപമാണ് ആലപിച്ചതെന്നും അതിൽ യാതൊരുവിധ വിവാദങ്ങൾക്കും സ്ഥാനമില്ലെന്നും ജയറാം രമേശ് പറഞ്ഞു. ദേശീയഗീതം ആലപിക്കുന്നത് തടയാൻ ആരും ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് അധ്യക്ഷൻ ഏറെ നേരമായി ചടങ്ങിൽ എഴുന്നേറ്റു നിൽക്കുകയായിരുന്നു. പ്രായമായ അദ്ദേഹം ബുദ്ധിമുട്ടുന്നത് കണ്ട സോണിയ ഗാന്ധി അദ്ദേഹത്തിന് ഇരിക്കാനായി ഒരു കസേര കൊണ്ടുവരാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ജയറാം രമേശ് വ്യക്തമാക്കി. ഇത് ഗാനാലാപനം തടയാനുള്ള ശ്രമമായി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുതിർന്ന നേതാവ് സോണിയാ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇടയ്ക്കുകയറി ഇടപെട്ടെങ്കിലും ഗാനം നിർത്തിയില്ലെന്നായിരുന്നു വിമർശനം ഉയർന്നത്. സാധാരണയായി ഗാനത്തിന്റെ രണ്ട് ചരണങ്ങൾ മാത്രമാണ് ആലപിക്കുന്നതെങ്കിൽ ഇത്തവണ ഗാനം പൂർണമായി പാടിയതാണ് വിവാദത്തിന് വഴിവെച്ചത്. രാഹുൽ ഗാന്ധി ഉൾപ്പെടെ ചടങ്ങിൽ സന്നിഹിതരായിരുന്നു.
