കോഴിക്കോട്: സ്വാതന്ത്ര്യദിനാഘോഷത്തിൽ കോഴിക്കോട് കോർപ്പറേഷനിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. ഒരേ സമയം ദേശീയ ഗാനവും വന്ദേമാതരവും ആലപിച്ച് അംഗങ്ങൾ. മേയറുടെ നേതൃത്വത്തിൽ എൽഡിഎഫ് അംഗങ്ങൾ ദേശീയ ഗാനവും ബിജെപി കൗൺസിലർമാർ വന്ദേമാതരവും ഒരേസമയം ആലപിക്കുകയായിരുന്നു. ബിജെപി കൗൺസിലർമാർ വന്ദേമാതരം ആലപിച്ചപ്പോൾ മേയറും ഡെപ്യൂട്ടി മേയറും അടക്കം ദേശീയ ഗാനം പാടി അവസാനിപ്പിച്ച് തിരിഞ്ഞ് നടന്നെങ്കിലും ആ സമയവും ബിജെപി അംഗങ്ങൾ വന്ദേമാതരം പൂർണ്ണമായും ആലപിക്കുകയായിരുന്നു.
മേയറുടെ ഭാഗത്തുനിന്നു രാജ്യവിരുദ്ധമായ പ്രവൃത്തിയാണ് ഉണ്ടായതെന്നു ബിജെപി കൗൺലിസർമാർ കുറ്റപ്പെടുത്തി. മേയർ ദേശീയഗാനത്തെ അപമാനിച്ചെന്നും ബിജെപി നേതാക്കൾ വിമർശിച്ചു.”നേരത്തെ തന്നെ വന്ദേമാതരം പാടുമെന്നു മേയറോടു പറഞ്ഞിരുന്നു. അപ്പോൾ മേയർ ഒന്നും പറഞ്ഞില്ല. ആശംസകൾ പറയുന്നത് വരെ കാത്തുനിന്നിട്ടാണ് ഞങ്ങൾ വന്ദേമാതരം പാടിയത്. വന്ദേമാതരം പാടി കഴിഞ്ഞ് ദേശീയഗാനം പാടി അവസാനിപ്പിക്കാമെന്നാണ് തീരുമാനിച്ചത്. ഇതിനിടയിലാണ് മേയറും ഡെപ്യൂട്ടി മേയറും മറുഭാഗത്തുനിന്ന് ദേശീയ ഗാനം പാടിയത്” – ബിജെപി കൗൺസിലർ ആരോപിച്ചു.
