Home » Blog » kerala Max » ‘സൂട്ട്കേസ് ഭാമ’ എന്നാണ് ഇപ്പോള്‍ അവരുടെ വിളിപ്പേര്, ‘സമ്മർ സോൾട്ട് ഭാമ’ എന്നൊരു പേരുകൂടി അവർക്കുണ്ട്, ഈ ശരീരം വച്ച് അവർ എങ്ങനെ സമ്മർ സോൾട്ട് നടത്തി എന്ന് എനിക്ക് അറിയില്ല’’- ടിവികെ സ്ഥാനാര്‍ത്ഥിയെ അധിക്ഷേപിച്ച് എം കെ സ്റ്റാലിന്‍ – വിവാദം
7

ചെന്നൈ: ധരാപുരം ഉപതിരഞ്ഞെടുപ്പിൽ ടിവികെയുടെ സ്ഥാനാർഥിയായ സത്യഭാമയെ ലക്ഷ്യംവച്ച് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ നടത്തിയ പരാമർശം വിവാദത്തിൽ. സ്റ്റാലിന്റെ പരാമർശത്തിനെതിരെ ടിവികെ രംഗത്തെത്തി. ദലിത് വനിതാ സ്ഥാനാർഥിയെ ശരീരത്തിന്റെ പേരിൽ അധിക്ഷേപിച്ചുവെന്നും സ്റ്റാലിൻ മാപ്പ് പറയണമെന്നും ടിവികെ ആവശ്യപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെ സ്ഥാനാർഥിയായി ധരാപുരം മണ്ഡലത്തിൽനിന്ന് വിജയിച്ച സത്യഭാമ ഏതാനും ആഴ്ചകൾക്കു ശേഷം സീറ്റ് രാജിവച്ച് ഭരണകക്ഷിയായ ടിവികെയിലേക്കു കൂറുമാറിയിരുന്നു. പിന്നാലെയാണ് ഉപതിരഞ്ഞെടുപ്പുണ്ടായത്. ഇപ്പോൾ ധരാപുരത്തെ ടിവികെ സ്ഥാനാർഥിയാണ് സത്യഭാമ. ധരാപുരത്ത് ഡിഎംകെ സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു സ്റ്റാലിന്റെ പരാമർശം.

ധരാപുരത്ത് ടിവികെ കുതിരക്കച്ചവടം നടത്തിയെന്നും എഐഎഡിഎംകെയിൽ പിളർപ്പുണ്ടാക്കിയെന്നും സ്റ്റാലിൻ പറഞ്ഞു. പിന്നാലെയാണ് സത്യഭാമയ ലക്ഷ്യംവച്ചുള്ള പരാമർശങ്ങൾ നടത്തിയത്. ‘‘സത്യത്തിനു വിരുദ്ധമായി പ്രവർത്തിച്ച അവരുടെ സ്ഥാനാർഥിയെ നിങ്ങൾ ഇപ്പോൾ ‘സൂട്ട്കേസ് ഭാമ’ എന്നാണ് വിളിക്കുന്നത്. അതുമാത്രമല്ല, സമ്മർ സോൾട്ട് ഭാമ എന്നൊരു പേരുകൂടി അവർക്കുണ്ട്. ഈ ശരീരം വച്ച് അവർ എങ്ങനെ സമ്മർ സോൾട്ട് നടത്തി എന്ന് എനിക്ക് അറിയില്ല’’– എന്നായിരുന്നു സ്റ്റാലിന്റെ പരാമർശം. അധിക്ഷേപ പരാമർശത്തിനു പിന്നാലെ സ്റ്റാലിനെതിരെ ടിവികെ രംഗത്തെത്തി.

സ്റ്റാലിൻ സത്യഭാമയെ ശരീരത്തിന്റെ പേരിൽ അധിക്ഷേപിച്ചുവെന്ന് ടിവികെ നേതാവും ആരോഗ്യ മന്ത്രിയുമായ അരുൺ രാജ് പറഞ്ഞു. ഇത് സ്ത്രീകളോടും ദലിത് സമൂഹത്തോടുമുള്ള അപമാനമാണെന്നും മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *