Your Image Description Your Image Description

മധുര: മധുരയില്‍ വച്ച് നടന്ന 24ാമത് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് എം എ ബേബിയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പിബിയില്‍ നിന്ന് എട്ട് പേരാണ് എം എ ബേബിയെ അനുകൂലിച്ചത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള 5 പിബി അംഗങ്ങള്‍ എതിര്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെ ചേര്‍ന്ന പിബി യോഗത്തിലാണ് എംഎ ബേബിയെ ജനറൽ സെക്രട്ടറിയായി അന്തിമ അംഗീകാരം നൽകിയത്. ഇഎംഎസിനുശേഷം ജനറൽ സെക്രട്ടറിയാകുന്ന മലയാളിയാണ് എംഎ ബേബി. കേരളത്തില്‍ നിന്നുള്ള പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയായിരുന്നെങ്കിലും അദ്ദേഹം പാര്‍ട്ടി സെന്ററില്‍ നിന്നാണ് ജനറല്‍ സെക്രട്ടറിയായത്.

മണിക് സര്‍ക്കാര്‍, ബൃന്ദ കാരാട്ട്, പിണറായി വിജയന്‍, എ വിജയരാഘവന്‍, എം വി ഗോവിന്ദന്‍, സുഭാഷിണി അലി, ബി വി രാഘവലു, ജി രാമകൃഷ്ണന്‍ എന്നിവരാണ് പിന്തുണച്ചത്. അശോക് ധാവ്‌ള, മുഹമ്മദ് സലിം, രാമചന്ദ്ര ഡോം, നീലോല്‍പല്‍ ബസു, തപന്‍ സെന്‍, സൂര്യകാന്ത് മിശ്ര എന്നിവരാണ് എതിര്‍ത്തത്. അശോക് ധാവ്‌ള മുന്നോട്ട് വെച്ചത് പശ്ചിമബംഗാള്‍ സെക്രട്ടറി മുഹമ്മദ് സലീമിന്റെ പേരാണ് നിര്‍ദേശിച്ചത്. എന്നാല്‍ ജനറല്‍ സെക്രട്ടറി ആവാനില്ലെന്ന് സലിം നിലപാട് എടുക്കുകയായിരുന്നു.

സംഘപരിവാര്‍ രാജ്യത്ത് വന്‍ ശക്തിയായി വളര്‍ന്നുകൊണ്ടിക്കുമ്പോൾ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിക്കുകയെന്ന ഭാരിച്ച ചുമതലയാണ് ബേബിയില്‍ വന്നു ചേര്‍ന്നിരിക്കുന്നത്. ബി ജെ പി ബദല്‍ രാഷ്ട്രീയ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തില്‍ സി പി ഐ എം തുടരുമോ എന്നത് പ്രധാന ചോദ്യമാണ്. പശ്ചിമ ബംഗാള്‍, ത്രിപുര അടക്കമുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ തിരികെ കൊണ്ടുവരിക, കേരളത്തില്‍ ഭരണ തുടര്‍ച്ചയുണ്ടാക്കുക തുടങ്ങിയവയാണ് പുതിയ ജനറൽ സെക്രട്ടറിയ്ക്ക് മുന്നിലുള്ള വെല്ലുവിളികള്‍. യെച്ചൂരിയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന കേരള നേതാവായിരുന്നു ബേബി. യെച്ചൂരി ഇന്ത്യാ സഖ്യത്തിനായി ഏറെ പ്രയത്‌നിച്ച ജനറൽ സെക്രട്ടറിയായിരുന്നു. കോണ്‍ഗ്രസുമായുള്ള ബന്ധം ശക്തമായതും യെച്ചൂരി ലൈനിന്റെ ഭാഗമായിരുന്നു. കേരളത്തിലെ മുഖ്യശത്രു എന്ന നിലയില്‍ കോണ്‍ഗ്രസിനോടുള്ള നിലപാട് എന്താവും എന്നതാണ് മുഖ്യവിഷയം. കേരളത്തിലെ സി പി ഐ എം നേതാക്കളില്‍ ഭൂരിപക്ഷം പേരും കോണ്‍ഗ്രസ് ബന്ധം തുടരേണ്ടതില്ലെന്ന നിലപാടുകാരാണ്. കേരളത്തില്‍ നിന്നുള്ള ബേബി ജനറൽ സെക്രട്ടറിയായി വരുമ്പോള്‍ നിലപാടുകളില്‍ മാറ്റം വരുമോ എന്നാണ് കോണ്‍ഗ്രസ് നേതൃത്വവും ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts