Home » Blog » Kerala » സിപിഎം കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ‘ഹലാല്‍ ഫായിദ സഹകരണ സംഘം’ തകര്‍ന്നു; നിക്ഷേപ തട്ടിപ്പ് ആരോപണവുമായി നിക്ഷേപകര്‍
14

കണ്ണൂര്‍: ഡിവൈഎഫ്‌ഐ മുന്‍ നേതാക്കളുടെയും സിപിഎം പ്രാദേശിക നേതൃത്വത്തിന്റെയും മേല്‍നോട്ടത്തില്‍ കണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇസ്ലാമിക് ബാങ്കിങ് സംരംഭമായ ഹലാല്‍ ഫായിദ സഹകരണ സംഘം തകര്‍ച്ചയിലേക്ക്. നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നില്ലെന്ന ഗുരുതരമായ ആരോപണങ്ങളുമായി നിക്ഷേപകര്‍ രംഗത്തെത്തിയതോടെയാണ് വിഷയം ചര്‍ച്ചയായത്.

2017 ഡിസംബര്‍ 24 ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടായിരുന്നു ഹലാല്‍ ഫായിദ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പലിശരഹിത ബാങ്കിങ് മാതൃകയില്‍ നിക്ഷേപകരില്‍ നിന്ന് സമാഹരിക്കുന്ന തുക വിവിധ പ്രോജക്ടുകളില്‍ വിനിയോഗിച്ച്, അതില്‍ നിന്നുള്ള ലാഭം ഡിവിഡന്റായി നിക്ഷേപകര്‍ക്ക് വീതിച്ചു നല്‍കുമെന്ന ഉറപ്പിലായിരുന്നു സ്ഥാപനം രൂപീകരിച്ചത്. എന്നാല്‍ പ്രവര്‍ത്തനം തുടങ്ങി അധികം വൈകാതെ തന്നെ സംഘത്തിന്റെ തുടര്‍നടപടികളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവരാതായി.

സ്ഥാപനം രൂപീകരിച്ചത് മുതല്‍ ഇതുവരെ കൃത്യമായ വരവ്-ചെലവ് കണക്കുകളോ ഓഡിറ്റ് റിപ്പോര്‍ട്ടുകളോ അവതരിപ്പിച്ചിട്ടില്ലെന്നും എത്ര പേരില്‍ നിന്ന് എത്ര തുക സമാഹരിച്ചുവെന്നതില്‍ വലിയ ദുരൂഹത നിലനില്‍ക്കുന്നുണ്ടെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു. സംഘത്തില്‍ ഒരു ലക്ഷം രൂപയുടെ ഓഹരി പങ്കാളിത്തമുണ്ടായിരുന്ന കെ.പി നാസര്‍, പ്രൊമോട്ടറും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ എം. ഷാജറിനെ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

നിലവില്‍ കണ്ണൂരിലെ ഹലാല്‍ ഫായിദയുടെ ഓഫീസ് പൂട്ടിയിട്ട നിലയിലാണ്. എന്നാല്‍ വിഷയം വാര്‍ത്തയായതോടെ നാസറിന് സുഹൃത്ത് മുഖേന ഒരു ലക്ഷം രൂപ തിരികെ നല്‍കുകയും തുടര്‍ന്ന് ഇദ്ദേഹം പരാതിയില്‍ നിന്ന് പിന്മാറുകയും ചെയ്തു. എങ്കിലും സമാനമായ രീതിയില്‍ പണം നഷ്ടപ്പെട്ട മറ്റുള്ളവരുടെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സഹകരണ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി അറിയിച്ചു. അതേസമയം ഹലാല്‍ ഫായിദയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിക്കാന്‍ സിപിഎം ജില്ലാ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.