Home » Blog » Kerala » ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കത്തിച്ച സംഭവം; രണ്ട് സ്ത്രീകളടക്കം നാല് പേർ അറസ്റ്റിൽ
gfvgjj-680x450

മുംബൈ: മഹാരാഷ്ട്രയിലെ അഹല്യനഗറിൽ ഗർഭിണിയായ യുവതിയെ മർദിച്ച് ബോധരഹിതയാക്കിയ ശേഷം ജീവനോടെ കത്തിച്ച സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. അഹല്യനഗർ സ്വദേശിനിയായ പിങ്കി ഹനുമന്ത് കട്ക (31) ആണ് കൊല്ലപ്പെട്ടത്. ധൂലെ-സോലാപൂർ ദേശീയപാതയോരത്ത് പകുതി കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. കഴിഞ്ഞ ചൊവ്വാഴ്ച (സെപ്റ്റംബർ 22) അഹല്യനഗറിലെ ആർട്ട് സെന്ററിൽ വെച്ചാണ് കേസിനാസ്പദമായ സംഭവങ്ങൾ നടക്കുന്നത്. ഇവിടെയുണ്ടായ വ്യക്തിപരമായ തർക്കത്തെ തുടർന്ന് പ്രതികൾ പിങ്കിയെ മർദിക്കുകയായിരുന്നു. മർദനമേറ്റ് യുവതി ബോധരഹിതയായി വീണു.

 

യുവതി മരിച്ചെന്ന് തെറ്റിദ്ധരിച്ച പ്രതികൾ തെളിവുകൾ നശിപ്പിക്കുന്നതിനായി മൃതദേഹം മാറ്റാൻ തീരുമാനിച്ചു. തുടർന്ന് ഇവരെ കാറിൽ കയറ്റി സംഭവസ്ഥലത്തുനിന്ന് ഏകദേശം 275 കിലോമീറ്റർ അകലെയുള്ള ധൂലെ-സോലാപൂർ ദേശീയപാതയോരത്തെ വിജനമായ മലയോര മേഖലയിലേക്ക് കൊണ്ടുപോയി. അവിടെയെത്തിച്ച് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പ്രതികൾ തീകൊളുത്തുമ്പോൾ യുവതിക്ക് ജീവനുണ്ടായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

 

ദേശീയപാതയോരത്ത് പകുതി കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹൈവേയിലെ സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ടവർ ലൊക്കേഷൻ, പ്രദേശത്ത് കണ്ട സംശയാസ്പദമായ വാഹനം എന്നിവ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും ദിവസങ്ങൾക്കകം പിടികൂടിയതും.

Leave a Reply

Your email address will not be published. Required fields are marked *