Home » Blog » Kerala » തിരുവനന്തപുരത്ത് ചായ ഗ്ലാസ് തലയിലടിച്ച് യുവാവിനെ വധിക്കാൻ ശ്രമം; സഹോദരനും വെട്ടേറ്റു, പ്രധാന പ്രതി പിടിയിൽ
police-1

തിരുവനന്തപുരം പെരുമാതുറയിൽ ഭക്ഷണം കഴിക്കാനെത്തിയ സഹോദരങ്ങൾക്ക് നേരെ ക്രൂരമായ അക്രമണം. മുതലപ്പൊഴിക്ക് സമീപമുള്ള ഹോട്ടലിൽ വച്ച് സഹോദരങ്ങളെ അധിക്ഷേപിക്കുകയും വെട്ടിപ്പരിക്കേല്പിക്കുകയും ചെയ്ത കേസിലെ പ്രധാന പ്രതി വെട്ടുതറ സ്വദേശി സ്റ്റീഫനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

സെപ്റ്റംബർ 27-ന് പുലർച്ചെ പെരുമാതുറ സ്വദേശികളായ സദ്ദാം ധാരിക്, സഹോദരൻ സദ്ദാം ഹുസൈൻ എന്നിവരാണ് അക്രമണത്തിനിരയായത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ഇരുവരെയും അവിടെയുണ്ടായിരുന്ന അഞ്ചംഗ സംഘം അസഭ്യം വിളിക്കുകയും അപമാനിക്കുകയും ചെയ്യുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ പ്രകോപിതരായ പ്രതികൾ മേശപ്പുറത്തിരുന്ന ചായഗ്ലാസ് സദ്ദാം ധാരിക്കിന്‍റെ തലയ്ക്കടിച്ച് പരിക്കേല്പിക്കുകയായിരുന്നു.

 

അടി കൊണ്ട് താഴെ വീണ ഇയാളെ ഒന്നാം പ്രതി സ്റ്റീഫൻ വാളുകൊണ്ട് തലയിൽ വെട്ടാൻ ശ്രമിച്ചപ്പോൾ തടയാൻ ശ്രമിച്ച സഹോദരൻ സദ്ദാം ഹുസൈന് ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ വലതു കൈക്ക് വെട്ടേൽക്കുകയും അസ്ഥിക്ക് പൊട്ടലുണ്ടാവുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ സ്റ്റീഫനും കണ്ടാലറിയാവുന്ന മറ്റ് നാലുപേർക്കെതിരെയും വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *