
റിയാലിറ്റി ഷോയായ ബിഗ് ബോസ് വേദിയിൽ വെച്ച് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ ഷർട്ട് അഴിച്ചുമാറ്റിയ സംഭവം പ്രേക്ഷകരെയും ആരാധകരെയും ഏറെ അത്ഭുതപ്പെടുത്തിയിരുന്നു. ഓൺലൈനിൽ ബോളിവുഡ് താരങ്ങൾക്ക് നേരിടേണ്ടി വരുന്ന ‘ബോഡി ഷെയ്മിംഗിനും’ സൈബർ അധിക്ഷേപങ്ങൾക്കും കൃത്യമായ മറുപടി നൽകുന്നതിന്റെ ഭാഗമായാണ് അദ്ദേഹം തന്റെ മേക്കപ്പ് തുടച്ചുമാറ്റുകയും ഷർട്ട് അഴിക്കുകയും ചെയ്തത്. തനിക്ക് ഇപ്പോൾ സിക്സ് പാക്ക് ബോഡി ഇല്ലെന്നും, താൻ പൂർണ്ണമായി ഫിറ്റല്ലെന്ന് ലോകത്തെ അറിയിക്കാനാണ് അപ്രകാരം ചെയ്തതെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
അടുത്തിടെ സംപ്രേഷണം ചെയ്ത ‘വീക്കെൻഡ് കാ വാർ’ എപ്പിസോഡിലാണ് ഈ വൈറൽ സംഭവത്തെക്കുറിച്ച് സൽമാൻ ഖാൻ വ്യക്തത വരുത്തിയത്. താൻ ശരീരം പ്രദർശിപ്പിക്കാനോ സിക്സ് പാക്ക് കാണിച്ച് ആളുകളെ ഞെട്ടിക്കാനോ അല്ല ഷർട്ട് അഴിച്ചതെന്ന് സൽമാൻ വ്യക്തമാക്കി. തന്റെ വരാനിരിക്കുന്ന പുതിയ സിനിമയ്ക്കായി ശരീരസൗന്ദര്യം പൂർണ്ണമായി വീണ്ടെടുക്കാൻ ഇനിയും ഒന്നോ രണ്ടോ മാസം സമയമെടുക്കുമെന്നും, നിലവിലെ ഫിറ്റ്നസ് യാത്ര പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു. തന്നെ ഫിറ്റല്ലാത്ത ഒരു അവസ്ഥയിലാണ് കാണിച്ചതെങ്കിലും ആരാധകർക്ക് അത് ഇഷ്ടപ്പെട്ടതിൽ തനിക്ക് അത്ഭുതം തോന്നിയെന്നും അദ്ദേഹം തമാശയോടെ പറഞ്ഞു.
തന്റെ ശരീരപ്രകൃതിയെക്കുറിച്ച് സംസാരിച്ച സൽമാൻ ഖാൻ ഇങ്ങനെ വ്യക്തമാക്കി, “ഞാൻ എന്റെ ഷർട്ട് ഊരിയത് ഇപ്പോൾ എനിക്ക് സിക്സ്-പാക്ക് ഇല്ലെന്ന് എല്ലാവരെയും കാണിക്കാനാണ്. എന്തുകൊണ്ടെന്നെനിക്കറിയില്ല, ആളുകൾക്ക് എന്റെ ശരീരം കണ്ടപ്പോൾ അത് ഇഷ്ടപ്പെട്ടു. പക്ഷേ എനിക്കിപ്പോൾ ആ പഴയ രൂപമില്ല. ഞാൻ ആരോഗ്യവാനായതുകൊണ്ടല്ല ശരീരം കാണിക്കാൻ തീരുമാനിച്ചത്, മറിച്ച് പഴയ ആരോഗ്യം ഇല്ലാതിരുന്നപ്പോഴാണ് അങ്ങനെ ചെയ്തത്.” സൽമാന്റെ ഈ തുറന്നുപറച്ചിലിനെയും ധൈര്യത്തെയും വേദിയിലുണ്ടായിരുന്ന മത്സരാർത്ഥികൾ വലിയ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.
