
അഹമ്മദാബാദ്: കുടുംബസ്വത്തിനും പണത്തിനും വേണ്ടി അടുത്ത ബന്ധുക്കളായ മൂന്നുപേരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ ദമ്പതികൾ അഹമ്മദാബാദിൽ അറസ്റ്റിലായി. ഊർമിളയും ഭർത്താവ് മാധവദാസ് ഭക്തിറാം സാധുമാണ് ക്രൂരമായ കൊലപാതക പരമ്പരയ്ക്ക് പിന്നിൽ.
കഴിഞ്ഞ വർഷം സെപ്റ്റംബർ ആദ്യം അഹമ്മദാബാദ് സിറ്റി ക്രൈംബ്രാങ്കിലേക്ക് ലഭിച്ച അജ്ഞാത ഫോൺ കോളാണ് കേസിൽ നിർണായകമായത്. സൂറത്തിലെ കൊസംബയിൽ ശാന്തബെൻ വാസവ എന്ന പ്രായമായ സ്ത്രീയെ കൊച്ചുമകൾ ഊർമിളയും കസിനും ചേർന്ന് കൊലപ്പെടുത്തി പറമ്പിൽ കുഴിച്ചുമൂടി എന്നായിരുന്നു സന്ദേശം. തുടർന്ന് പൊലീസ് ഊർമിളയുടെ കസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ഇയാൾക്ക് കൊലപാതകവുമായി ബന്ധമില്ലെന്ന് വ്യക്തമായി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം നൽകിയത് ഊർമിളയുമായി എട്ടു മാസമായി വേർപിരിഞ്ഞു കഴിയുന്ന ഭർത്താവ് മാധവദാസ് ആണെന്ന് കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും പണവുമായി ഭാര്യ മകനോടൊപ്പം ഇറങ്ങിപ്പോയതിന്റെ പ്രതികാരമായാണ് മാധവദാസ് ഈ വിവരം പൊലീസിനെ അറിയിച്ചത്. എന്നാൽ മാധവദാസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മൂന്ന് കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
2022-ൽ ഊർമിളയുടെ മുത്തശ്ശി ശാന്തബെൻ വാസവ കൊല്ലപ്പെട്ടതിന് പുറമെ, മാധവദാസിന്റെ അമ്മ മഞ്ജുള ഭക്തിറാം സാധു, ഊർമിളയുടെ സഹോദരി ഭഗവതിബെൻ കമലേഷ്ഭായ് വാസവ എന്നിവരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചു. കിടപ്പിലായ മാധവദാസിന്റെ അമ്മയെ പരിചരിക്കാനുള്ള ബുദ്ധിമുട്ടുമൂലം ദമ്പതികൾ ചേർന്ന് തലയിണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം ദഹിപ്പിച്ചു.
തുടർന്ന് കുടുംബസ്വത്തും പണവും കൈക്കലാക്കാനായി ക്ഷയരോഗിയായ സഹോദരി ഭഗവതിയെയും സമാനരീതിയിൽ കൊലപ്പെടുത്തി പറമ്പിൽ കുഴിച്ചുമൂടി. ഇതിനുശേഷമാണ് മുഴുവൻ സ്വത്തുക്കളും സ്വന്തമാക്കാൻ മുത്തശ്ശി ശാന്തബെന്നിനെയും ഇവർ ഇല്ലാതാക്കിയത്. മുത്തശ്ശിയുടെ മൃതദേഹം ഒരു വലിയ വീപ്പയിലാക്കി സിമന്റ് നിറച്ച് പറമ്പിൽ കുഴിച്ചിടുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കുറ്റാരോപിതരായ രണ്ട് പേർക്കെതിരെയും പൊലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചു.
