Your Image Description Your Image Description

കോഴിക്കോട് : സാഹസിക വിനോദ സഞ്ചാര മേഖലയിൽ സംസ്ഥാനത്ത് പരമാവധി സാധ്യതകൾ യാഥാർഥ്യമാക്കാനാണ് സർക്കാർ ശ്രമമെന്ന് പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഫറോക്ക് ചാലിയാറിൽ ആരംഭിച്ച റിവർ വേൾഡ് അഡ്വെഞ്ചർ പാർക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹസിക വിനോദസഞ്ചാരം ആഗോളതലത്തിൽ ശ്രദ്ധ ആകർഷിക്കുന്ന ഘട്ടമാണിത്. മേഖലയിലെ വികസനവുമായി ബന്ധപ്പെട്ട് യോജിച്ച മുന്നേറ്റം സാധ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

വിദേശ രാജ്യങ്ങളിൽ കാണുന്ന വിവിധ സാഹസിക വിനോദങ്ങൾ സംസ്ഥാനത്ത് സാധ്യമാക്കുന്ന ഇടപെടലുകൾ ടൂറിസം വകുപ്പിൻ്റെ കീഴിൽ നടത്തിവരികയാണ്. ടൂറിസം വികസിക്കുന്നത് പ്രാദേശിക വാണിജ്യ മേഖലകൾക്കും പൊതുജനങ്ങൾക്കും വലിയ നിലയിൽ ഗുണം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ടൂറിസം പുതുമരാമത്ത് വകുപ്പുകൾ പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെ നടപ്പിലാക്കുന്ന ആദ്യ സാഹസിക ടൂറിസം സംരംഭമാണ് ചാലിയാർ തീരത്തുള്ള റിവർ വേൾഡ് അഡ്വഞ്ചർ പാർക്ക്. സംസ്ഥാനത്ത് ആദ്യമായി പുഴക്ക് പുറകെയുള്ള ഏറ്റവും ദൈർഘ്യമേറിയ സിപ്പ് ലൈൻ, റോപ്പ് കാർ, സ്പീഡ് ബോട്ടിംഗ്, കയാക്കിംഗ്, ശിക്കാര ബോട്ടിംഗ്, കിഡ്സ് പാർക്ക്, 180 അടി ഉയരത്തിലുള്ള റസ്റ്റോറൻ്റ്, ശീതീകരിച്ച കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങളാണ് പാർക്കിൽ ഒരുക്കിയിട്ടുള്ളത്. നൂറിൽ പരം വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യവും സജ്ജമാണ്.

ഫറോക്ക് പുതിയ ഗവൺമെൻ്റ് റസ്റ്റ് ഹൗസിന് സമീപത്താണ് സാഹസിക വിനോദ കേന്ദ്രം. 310 മീറ്റർ നീളത്തിൽ പുഴയുടെ മുകളിലൂടെ ഈ സാഹസിക ഉപാധികൾ ഉപയോഗിക്കാം. ചാലിയാറിൽ നിന്ന് ഊർക്കടവ് വരെ 17 കിലോമീറ്റർ ദൂരത്തിലുള്ള ഹൗസ് ബോട്ടിംഗ് സൗകര്യവുമുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts