Your Image Description Your Image Description

കോഴിക്കോട്: താമരശ്ശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള അവകാശപ്രഖ്യാപന റാലിയില്‍, ന്യൂനപക്ഷങ്ങളുടെ അവകാശം, കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചും ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടും വനംവകുപ്പിനും സര്‍ക്കാരിനുമെതിരേ രൂക്ഷവിമര്‍ശനങ്ങളുന്നയിച്ചു. മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിൽ റാലി നടത്തി. കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന പൊതുസമ്മേളനം തലശ്ശേരി അതിരൂപത ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.

പോരാട്ടത്തിന്റെ പോര്‍മുഖത്താണ് ക്രൈസ്തവ സമുദായമുള്ളതെന്ന് താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. കുടിയിറക്കലിന്റെ മുന്നിലാണുള്ളത്. സര്‍ക്കാര്‍ കണ്ണുതുറക്കണം. നമ്മുടെ വീട്ടില്‍ പന്നിയിറച്ചി ഉണ്ടോയെന്ന് ഒരു വനപാലകനും വീട്ടില്‍ കയറി പരിശോധിക്കരുത്. അങ്ങനെ കയറാന്‍ ഒരു വനപാലകനേയും അനുവദിക്കരുത്. വനപാലകര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ സമ്മേളനം. ആസിയാന്‍ കരാര്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. അതിന് ശേഷമാണ് കാര്‍ഷിക മേഖല തകര്‍ന്നത്, അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കരാറുകള്‍ പൊളിച്ചെഴുതാമെങ്കില്‍ എന്തുകൊണ്ട് ഇവിടെ പറ്റില്ലെന്നും മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആരാഞ്ഞു. ഇത് സര്‍ക്കാരിനോട് പോരാടാനുള്ള സമയമാണ്. വനംമന്ത്രിക്ക് കണ്ണില്ലെന്നും ആരോ എഴുതുന്ന നിയമങ്ങളില്‍ മന്ത്രി ഒപ്പിട്ട് നല്‍കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കഴിവില്ലെങ്കില്‍ വനംവകുപ്പ് മന്ത്രി രാജിവെക്കണം. ഇനി ഒരു മനുഷ്യനും ഇവിടെ ആന കുത്തി മരിക്കരുത്. ജെ.ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് എന്തിന് സര്‍ക്കാര്‍ പൂഴ്ത്തിവെക്കുന്നു എന്ന് മുഖ്യമന്ത്രി പറയണം.

ഞങ്ങളുടെ അവകാശങ്ങള്‍ അംഗീകരിച്ച് തരികയാണെങ്കില്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെയും ആവശ്യമില്ലെന്ന് ബിഷ്പ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ കൂട്ടിച്ചേര്‍ത്തു. അത് സാധിച്ചു തരുന്നില്ലെങ്കില്‍ പുതിയ പാര്‍ട്ടിയെ കുറിച്ച് ചിന്തിക്കേണ്ടി വരും. ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകള്‍ക്കെതിരാണ്, കാരണം അവര്‍ ദൈവമില്ലെന്ന് പറയുന്നവരാണ്. അത് വിചാരിച്ച് ഞങ്ങള്‍ മുഖ്യമന്ത്രിയെ പിന്തുണയ്ക്കാതിരിക്കുന്നില്ല. മോദി ഞങ്ങള്‍ക്കുവേണ്ടി കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തെയും പിന്തുണയ്ക്കുന്നു. കേരളത്തിലെ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്ന പോലെതന്നെയാണ് നരേന്ദ്രമോദിയെയും പിന്തുണയ്ക്കുന്നത്. പുതിയ ബില്ല് കൊണ്ട് മുനമ്പം നിവാസികളുടെ ആവശ്യം സംരക്ഷിക്കപ്പെടുമോ എന്നത് പഠിക്കേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗതികെട്ടതുകൊണ്ടാണ് സമരത്തിനിറങ്ങിയതെന്നും വെച്ച കാല്‍ പിന്നോട്ട് എടുക്കില്ലെന്നും തലശ്ശേരി അതിരൂപത ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ക്രൈസ്തവ സമുദായത്തിന് അര്‍ഹമായത് നല്‍കണം. ഒരു സമുദായം മാത്രം വളരുന്നതും മറ്റ് സമുദായങ്ങളുടെ അവകാശം കവരുന്നതും ശരിയല്ല. സഭാ നേതൃത്വം വഖഫ് ബില്ലിന് പിന്തുണ നല്‍കാന്‍ എംപിമാരോട് പറഞ്ഞു. അത് അപരാധമായി ചിലര്‍ ചിത്രീകരിക്കാന്‍ നോക്കി. ബില്‍ സമുദായവിഷയമല്ല, സാമൂഹിക നീതിയുടെ വിഷയമാണ്. സകല പൗരന്മാരുടെയും അവകാശം നടപ്പിലാക്കപ്പെടണം. സഭയ്ക്ക് വ്യക്തമായ നിലപാട് സ്വീകരിക്കാനുള്ള അവകാശമുണ്ട്. ക്രിസ്ത്യാനികള്‍ വഖഫിന്റെ പേരില്‍ മാത്രമല്ല ഒറ്റപ്പെടുന്നത്. ജബല്‍പുരില്‍ വൈദികന് മാത്രമല്ല അടിയേറ്റത് ഭാരതത്തിന്റെ മതേതരത്തിന്റെ തിരുമുഖത്താണ്. ക്രൈസ്തവനെ സ്‌നേഹിക്കുന്നത് ആര് എന്ന് അറിയാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടെന്നും ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു.

രാഷ്ട്രീയപരമായ നിലപാട് സ്വീകരിക്കാന്‍ സമുദായം നിര്‍ബന്ധിക്കപ്പെടും. വേണ്ടിവന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിതന്നെ രൂപവത്കരിക്കും. അത് അപ്രാപ്യമാണെന്ന് ആരും കരുതരുത്. രാഷ്ട്രീയ കക്ഷികള്‍ക്ക് സമാദായത്തിന്റെ വോട്ട് നഷ്ടപ്പെടുന്ന രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ സഭയ്ക്ക് പ്രശ്‌നമില്ല. സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ഒരു വനംമന്ത്രിയുടെയും കൈയൊപ്പ് ആവശ്യമില്ല. ഉദ്യോഗസ്ഥര്‍ വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുന്നത് വരെ മലയോര ജനത പോരാട്ടത്തിലായിരിക്കും. കൃഷിയിടത്തില്‍ എത്തുന്ന പന്നികളെ കാട്ടുപന്നികളായി ഇനി പരിഗണിക്കില്ല. ഇനി മുതല്‍ ഞങ്ങള്‍ യഥേഷ്ടം കൈകാര്യം ചെയ്യും. വനപാലകര്‍ ഇനി ഞങ്ങളെ വീട്ടില്‍ കയറി പരിശോധിക്കേണ്ടെന്നും ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു.

മുനമ്പം നിവാസികളെ ഈ സമയം ഓര്‍ക്കാതിരിക്കുക എന്നത് കൃത്യവിലോപമാകുമെന്നും അവര്‍ക്കുകൂടിയാണ് ഈ സമ്മേളനമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ വീണ്‍വാക്ക് വിശ്വസിക്കരുതെന്നും റവന്യൂ അവകാശം ഉറപ്പുവരുത്തുന്നതുവരെ പോരാട്ടം തുടരണമെന്നും ബിഷപ്പ് ജോസഫ് പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ച് ബില്ല് എന്നുപറഞ്ഞ് ഭയപ്പെടുത്തേണ്ടെന്നും മാര്‍ പാംപ്ലാനി പറഞ്ഞു. ക്രൈസ്തവ സമുദായം അന്യായമായി ഒന്നും സമ്പാദിച്ചിട്ടില്ല. മുനമ്പത്ത് റവന്യൂ അവകാശങ്ങള്‍ ആര് പുനഃസ്ഥാപിക്കുന്നു എന്നാണ് സമുദായം ഉറ്റുനോക്കുന്നത്. വഖഫ് നിയമം പാസാക്കിയോ ഇല്ലയോ എന്നതല്ല പ്രശ്‌നം പാര്‍ട്ടി രൂപീകരണം ഒരു സാധ്യത തന്നെയാണ്. എന്നാല്‍, അത് എപ്പോള്‍ വേണമെന്ന് തീരുമാനിച്ചിട്ടില്ല. നിലവില്‍ ഏതെങ്കിലും പാര്‍ട്ടിയോട് പ്രത്യേക അടുപ്പമോ അകലമോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts