തിരുവനന്തപുരം: കേരളത്തില്‍ പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി കോണ്‍ഗ്രസിനുള്ളില്‍ മന്ത്രിസ്ഥാനങ്ങളും വകുപ്പുകളും സംബന്ധിച്ച നിര്‍ണ്ണായക ചര്‍ച്ചകളും സമവായ നീക്കങ്ങളും സജീവമായി. വി.ഡി സതീശന് മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തലയ്ക്ക് നല്കാന് ധാരണയായി. സുപ്രധാനമായ ധനകാര്യ വകുപ്പ് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് തന്നെ കൈകാര്യം ചെയ്യുമെന്നാണ് വിവരം.
കെ. മുരളീധരന്, ചാണ്ടി ഉമ്മന്‍, സണ്ണി ജോസഫ്, ബിന്ദു കൃഷ്ണ, സി പി ജോൺ എന്നിവർ മന്ത്രിസ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഇന്ന് വൈകിട്ടോടെ ഹൈക്കമാന്‍ഡിന്റെ അംഗീകാരത്തോടെ അന്തിമ മന്ത്രിമാരുടെ പട്ടിക പുറത്തുവിടുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന സൂചന.
മുഖ്യമന്ത്രി പദവിക്ക് പിന്നാലെ മന്ത്രിസഭയിലും തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കെ.സി പക്ഷത്തുനിന്നും എട്ടുപേരുടെ പട്ടികയാണ് ഔദ്യോഗികമായി മുന്നോട്ടുവെച്ചിട്ടുള്ളത്. സണ്ണി ജോസഫ്, പി.സി വിഷ്ണുനാഥ്, ടി. സിദ്ദീഖ്, എ.പി അനില്‍കുമാര്‍ എന്നിവര്‍ക്കൊപ്പം മുന്‍ സ്പീക്കര്‍ എന്‍. ശക്തന്, ഒ.ജെ ജനീഷ് എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. അതേസമയം, മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പുതിയ നിയമസഭാ സ്പീക്കറായേക്കുമെന്നാണ് സൂചന.
മറുഭാഗത്ത് കെ. മുരളീധരന്, ചാണ്ടി ഉമ്മന്‍ എന്നിവരുള്‍പ്പെടെ നാലുപേരുടെ പേരുകളാണ് വി. ഡി. സതീശന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതില്‍ കെ. മുരളീധരന്റെ മന്ത്രിസ്ഥാനം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. കൂടാതെ തനിക്കൊപ്പമുള്ള അന്‍വര്‍ സാദത്തിനെ മന്ത്രിയാക്കണമെന്ന ശക്തമായ നിലപാടിലാണ് രമേശ് ചെന്നിത്തല. ഘടക കക്ഷികളില്‍ സിഎംപി നേതാവ് സി.പി ജോണിന് അഞ്ച് വര്‍ഷത്തെ മുഴുവന്‍ ടേമും മന്ത്രിസ്ഥാനവും കോണ്‍ഗ്രസ് നേതൃത്വം ഉറപ്പ് നല്‍കിയിട്ടുണ്ട്. കെ. മുരളീധരന്, ചാണ്ടി ഉമ്മന്‍, എം. ലിജു, ബിന്ദു കൃഷ്ണ, പി.സി വിഷ്ണുനാഥ്, സണ്ണി ജോസഫ് എന്നിവരാണ് നിലവില്‍ മന്ത്രിസ്ഥാനം ഉറപ്പിച്ച പ്രധാന കോണ്‍ഗ്രസ് നേതാക്കള്‍.
മെയ് 18 തിങ്കളാഴ്ച രാവിലെയാണ് പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. ദേശീയ-മേഖലാ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളുടെ വലിയൊരു നിര തന്നെ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തുന്നുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നതാണ് ഏറ്റവും പ്രധാന ആകര്‍ഷണം. തിങ്കളാഴ്ച രാവിലെ ഒന്‍പതിന് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന വിജയ് ചടങ്ങുകള്‍ക്ക് ശേഷം 11 ഓടെ ചെന്നൈയിലേക്ക് മടങ്ങും.
ചടങ്ങില്‍ പങ്കെടുക്കുന്ന പ്രധാന അതിഥികള്‍:
ജോസഫ് വിജയ് (തമിഴ്നാട് മുഖ്യമന്ത്രി)
സിദ്ധരാമയ്യ (കര്‍ണാടക മുഖ്യമന്ത്രി)
ഡി.കെ ശിവകുമാര്‍ (കര്‍ണാടക ഉപമുഖ്യമന്ത്രി)
എ. രേവന്ത് റെഡ്ഡി (തെലങ്കാന മുഖ്യമന്ത്രി)
സുഖ്വീന്ദര് സിങ് സുഖു (ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി)
രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി (കോണ്‍ഗ്രസ് നേതാക്കള്‍)
വകുപ്പ് വിഭജനത്തിലും മന്ത്രിമാരുടെ കാര്യത്തിലും പൂര്‍ണ്ണമായ സമവായമുണ്ടാക്കി തര്‍ക്കങ്ങളില്ലാതെ ഭരണം ആരംഭിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കങ്ങള്‍.
