Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. നാലു ജില്ലകളിലെ കലക്ടർമാർ ഉൾപ്പെടെ 25 ഉദ്യോഗസ്ഥർക്കു മാറ്റം. എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലാ കളക്ടർമാരെയാണ് മാറ്റിയത്. ജി.പ്രിയങ്ക(എറണാകുളം), എം.എസ്.മാധവിക്കുട്ടി(പാലക്കാട്), ചേതൻകുമാർ മീണ(കോട്ടയം) ഡോ.ദിനേശൻ ചെറുവാട്ട്(ഇടുക്കി) എന്നിവരാണു പുതിയ ജില്ലാ കലക്ടർമാർ. ചൊവ്വാഴ്ച്ച അർദ്ധരാത്രിയിലാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

ന്യൂഡൽഹിയിൽ അഡീഷണൽ റെസിഡന്റ് കമ്മിഷണറായിരുന്നു കോട്ടയത്തെ പുതിയ കളക്ടർ ചേതൻകുമാർ മീണ. പാലക്കാട് കളക്ടറായിരുന്ന ജി.പ്രിയങ്കയാണ് പുതിയ എറണാകുളം ജില്ലാ കളക്ടർ. പാലക്കാട് ജില്ലാ കളക്ടറായി നിയമിതയായ എം.എസ്.മാധവിക്കുട്ടി ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു. ഇടുക്കിയുടെ പുതിയ കളക്ടർ ഡോ.ദിനേശൻ ചെറുവാട്ട് പഞ്ചായത്ത് ഡയറക്ടറായിരുന്നു.

എറണാകുളം ജില്ലാ കളക്ടറായിരുന്ന എൻ.എസ്.ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലായി നിയമിച്ചു. കെഎഫ്‌സിയുടെ മാനേജിങ് ഡയറക്ടറുടെ ചുമതലയും അദ്ദേഹത്തിനാണ്. ഇടുക്കി കളക്ടറായിരുന്ന വി.വിഘ്‌നേശ്വരിയെ കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറിയാക്കി. കോട്ടയം ജില്ലാ കളക്ടറായിരുന്ന ജോൺ വി.സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറാക്കി. തൊഴിൽവകുപ്പ് സെക്രട്ടറിയായിരുന്ന കെ.വാസുകിയെ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാക്കി. ഡൽഹിയിലെ റസിഡന്റ് കമ്മിഷണറായ പുനീത് കുമാറിനെ തദ്ദേശഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലായിരുന്ന എസ്.ഷാനവാസാണ് പുതിയ തൊഴിൽ സെക്രട്ടറി. പഠനാവധി കഴിഞ്ഞെത്തിയ ജെറോമിക് ജോർജിനെ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായി നിയമിച്ചു.

തദ്ദേശ ഭരണവകുപ്പിൽ അഡീഷണൽ സെക്രട്ടറിയായ ഡോ. എസ്.ചിത്രയെ പൊതുവിദ്യാഭ്യാസ വകുപ്പിലേക്കും ലാൻഡ് റവന്യൂ ജോയിന്റ് സെക്രട്ടറി എ.ഗീതയെ റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറിയായും മാറ്റി.

തൊഴിലുറപ്പ് പ്ദ്ധതി മിഷൻ ഡയറക്ടറായിരുന്ന എ.നിസാമുദ്ദീനെ കിലയുടെ ഡയറക്ടറായും രജിസ്‌ട്രേഷൻ ഐജി ആയിരുന്ന ശ്രീധന്യാ സുരേഷിനെ ടൂറിസം അഡീഷണൽ ഡയറക്ടറായും മാറ്റി നിയമിച്ചു. സിവിൽ സപ്ലൈസ് കോർപ്പറേഷൻ എംഡി ആയിരുന്ന ഡോ.അശ്വതി ശ്രീനിവാസിനെ ന്യൂഡൽഹിയിലെ അഡീഷണൽ റെസിഡന്റ് കമ്മിഷണറാക്കി. പിന്നാക്ക സമുദായ വികസന കോർപ്പറേഷൻ ഡയറക്ടറായ ഡോ.ജെ.ഒ.അർജുനെ വയനാട് ടൗൺഷിപ്പ് പ്രോജക്ട് സിഇഒ ആയി നിയമിച്ചു.

ഫോർട്ട് കൊച്ചി സബ് കളക്ടർ കെ.മീരയെ സർവേ ആൻഡ് ലാൻഡ്‌ റെക്കോഡ്‌സ് ഡയറക്ടറായും ഒറ്റപ്പാലം സബ്കളക്ടർ ഡോ.മിഥുൻ പ്രേമരാജിനെ ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറായും നിയമിച്ചു. മാനന്തവാടി സബ്കളക്ടർ മിസാൽ സാഗർ ഭരതിനെ പിന്നാക്ക സമുദായ കോർപ്പറേഷൻ ഡെപ്യൂട്ടി സെക്രട്ടറിയാക്കി. കോഴിക്കോട് സബ്കളക്ടർ ഹരീഷ് ആർ.മീണയെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറാക്കി.

ദേവികുളം സബ്കളക്ടറായിരുന്ന വി.എം. ജയകൃഷ്ണനായിരിക്കും സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ പുതിയ എംഡി. കോട്ടയം സബ്കളക്ടർ ഡി.രഞ്ജിത്തിനെ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറായും പെരിന്തൽമണ്ണ സബ്കളക്ടറായിരുന്ന അപൂർവ ത്രിപാഠിയെ ലൈഫ് മിഷൻ സിഇഒയായും നിയമിക്കും. ഷീബാ ജോർജിനെ ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറിയാക്കി.

പുതിയ സബ് കളക്ടർമാരുടെ നിയമനവും ഉടനുണ്ടാകും എന്നാണ് റിപ്പോർട്ട്. അൻജീത് കുമാറിനെ ഒറ്റപ്പാലത്തും അതുൽ സാഗറിനെ മാനന്തവാടിയിലും ആയുഷ് ഗോയലിനെ കോട്ടയത്തും വി.എം.ആര്യയെ ദേവികുളത്തും എസ്.ഗൗതംരാജിനെ കോഴിക്കോട്ടും ഗ്രന്ഥേ സായികൃഷ്ണയെ ഫോർട്ട് കൊച്ചിയിലും സാക്ഷി മോഹനനെ പെരിന്തൽമണ്ണയിലും സബ്കളക്ടർമാരായി നിയമിക്കും. മസൂറിയിൽ രണ്ടാംഘട്ട പരിശീലനം പൂർത്തിയാക്കിയെത്തുന്ന മുറയ്ക്കാകും ഇവരുടെ നിയമനം.

Related Posts