Home » Blog » kerala Max » “ശ്രീലേഖയുടെ രാജി വ്യക്തിപരമായ കാരണങ്ങളാൽ, പാർട്ടിയുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കും” ; പ്രതികരണവുമായി മേയർ വി വി രാജേഷ്
13

തിരുവനന്തപുരം കോർപ്പറേഷൻ ശാസ്തമംഗലം വാർഡ് കൗൺസിലറും മുൻ ഡിജിപിയുമായ ആർ ശ്രീലേഖയുടെ അപ്രതീക്ഷിത രാജിയുമായി ബന്ധപ്പെട്ട് ആദ്യ പ്രതികരണവുമായി മേയർ വി വി രാജേഷ്. വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആർ ശ്രീലേഖ തനിക്ക് രാജിക്കത്ത് നൽകിയതെന്ന് മേയർ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. കഴിഞ്ഞ സെപ്റ്റംബർ 30-നാണ് ശ്രീലേഖ രാജിക്കത്ത് കത്തുമുഖേന നൽകിയത്. എന്നാൽ വ്യക്തിപരമായ ചില പ്രയാസങ്ങൾ മൂലമാണ് ഈ തീരുമാനത്തിലേക്ക് കടന്നതെന്ന് അവർ കത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും മേയർ കൂട്ടിച്ചേർത്തു.

ശ്രീലേഖ ഉന്നയിച്ച വിഷയങ്ങൾ പാർട്ടിയുമായി കൃത്യമായി ചർച്ച ചെയ്യുമെന്നും ബിജെപി നേതൃത്വം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണുമെന്നും മേയർ വി വി രാജേഷ് പ്രത്യാശ പ്രകടിപ്പിച്ചു. നിലവിൽ രാജിക്കത്ത് തനിക്കാണ് ലഭിച്ചിട്ടുള്ളതെന്നും എന്നാൽ ഔദ്യോഗികമായി കോർപ്പറേഷൻ സെക്രട്ടറിക്ക് ലഭിച്ചാൽ മാത്രമേ രാജി പ്രാബല്യത്തിൽ വരികയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർട്ടി നേതൃത്വവുമായി സംസാരിച്ച് അസ്വാരസ്യങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.

ശ്രീലേഖയുടെ പിന്മാറ്റം കോർപ്പറേഷനിലെ ഭരണകക്ഷിയായ എൻഡിഎയുടെ കക്ഷിനിലയിൽ വലിയ പ്രതിസന്ധി ഉണ്ടാക്കും. കോർപ്പറേഷനിൽ വളരെ നേരിയ ഭൂരിപക്ഷത്തിൽ ഭരണം നടത്തുന്ന ബിജെപിക്ക് ഈ രാജി വൻ തിരിച്ചടിയാകും. പ്രതിപക്ഷ പാർട്ടികൾ ഈ രാജി വിഷയം വലിയ രാഷ്ട്രീയ ആയുധമാക്കാൻ ഇതിനോടകം ഒരുങ്ങിക്കഴിഞ്ഞു. ബിജെപി ഭരണസമിതിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *