
പാലക്കാട്: വ്യാജ മാർക്ക് ലിസ്റ്റ് സമർപ്പിച്ച് പഞ്ചായത്തിൽ താൽക്കാലിക ജോലി നേടിയ മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു. പുതുക്കോട് പഞ്ചായത്ത് മുൻ ഡിവൈഎഫ്ഐ നേതാവ് കെ.വി. ഗണപതിക്കെതിരെയാണ് വടക്കഞ്ചേരി പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു.
പുതുക്കോട് പഞ്ചായത്തിൽ അഞ്ച് വർഷത്തോളം തൊഴിലുറപ്പ് അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റായി ഗണപതി ജോലി ചെയ്തിരുന്നു. ബിരുദം പാസായിട്ടില്ലാത്ത ഇയാൾ കാലിക്കറ്റ് സർവകലാശാലയിൽനിന്നുള്ള ബി.കോം ബിരുദത്തിന്റെ വ്യാജ മാർക്ക് ലിസ്റ്റ് ഹാജരാക്കിയാണ് ജോലി നേടിയതെന്നാണ് പരാതി. വ്യാജരേഖ ഉപയോഗിച്ചാണ് ജോലി നേടിയതെന്ന് കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് വടക്കഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പരാതി ഉയർന്നതിനെ തുടർന്ന് ഗണപതിയെ സിപിഎമ്മിൽനിന്ന് പുറത്താക്കിയിരുന്നുവെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. കരാർ കാലാവധി പൂർത്തിയായതോടെ പുതിയ പഞ്ചായത്ത് ഭരണസമിതി ഇയാളെ ജോലിയിൽനിന്ന് നീക്കുകയും ചെയ്തിരുന്നു. എന്നാൽ, ജോലിയിൽനിന്ന് നീക്കിയ നടപടിക്കെതിരെ ഗണപതി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ സമർപ്പിച്ച ബി.കോം മാർക്ക് ലിസ്റ്റ് വ്യാജമാണെന്ന് പഞ്ചായത്ത് അധികൃതർ കണ്ടെത്തിയത്. കേസെടുത്തതിന് പിന്നാലെ ഗണപതി ഒളിവിൽ പോയി. ഇയാൾക്കായി അന്വേഷണം തുടരുകയാണ്.
