Your Image Description Your Image Description

കൊല്ലം: തൃശ്ശൂരിലെ വോട്ടർപട്ടികയിൽ ക്രമക്കേട് നടന്നുവെന്ന ആരോപണങ്ങളെ തുടർന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി കൊല്ലം മാടൻനടയിലുള്ള അദ്ദേഹത്തിന്റെ കുടുംബവീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ സുരേഷ് ഗോപിയുടെ കോലം കത്തിച്ചാണ് പ്രവർത്തകർ പ്രതിഷേധം അറിയിച്ചത്.

പ്രതിഷേധക്കാരെ തടയാൻ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. ഇത് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. “ഇന്ത്യയിലെ ജനാധിപത്യം ഇല്ലാതാക്കി, രാജ്യദ്രോഹി കത്തട്ടെ” എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രവർത്തകർ കോലം കത്തിച്ചത്. കനത്ത മഴയിലും പ്രതിഷേധം തുടർന്നു.

നേരത്തെ, തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസിലേക്ക് സിപിഎം പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. ഓഫീസിന്റെ ബോർഡിൽ കരിഓയിൽ ഒഴിക്കുകയും ചെരിപ്പുമാല തൂക്കുകയും ചെയ്ത സംഭവത്തിൽ ഒരു സിപിഎം പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഈ സംഭവത്തിനു പിന്നാലെ ബിജെപി പ്രവർത്തകർ ഓഫീസ് ബോർഡിൽ പൂമാല അണിയിച്ച് പ്രതിഷേധിച്ചിരുന്നു.

വിവാദങ്ങൾക്കിടയിൽ സുരേഷ് ഗോപി കഴിഞ്ഞ ദിവസം തൃശ്ശൂരിലെത്തിയിരുന്നു. വന്ദേ ഭാരത് ട്രെയിനിൽ രാവിലെ 9:30-ഓടെ എത്തിയ അദ്ദേഹത്തെ മുദ്രാവാക്യം വിളികളോടെയാണ് ബിജെപി പ്രവർത്തകർ സ്വീകരിച്ചത്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. തന്നെ സഹായിച്ച എല്ലാവർക്കും നന്ദി എന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്. പ്രതിഷേധത്തിനിടെ പരിക്കേറ്റ ബിജെപി പ്രവർത്തകരെ കാണാനായി അദ്ദേഹം ആശുപത്രിയിലും സന്ദർശനം നടത്തി

Related Posts