Your Image Description Your Image Description

തിരുവനന്തപുരം: കോൺഗ്രസിനെ കുരുക്കിലാക്കി തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവി. പ്രാദേശിക നേതാവുമായുള്ള വിവാദ ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ രവിയുടെ രാജി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നേരിട്ട് വാങ്ങുകയായിരുന്നു. ഡിസിസി അധ്യക്ഷപദവിയിൽ പകരം ചുമതല ആർക്കും ഇതുവരെ നൽകിയിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരു ചേർക്കൽ അടക്കമുള്ളതിനാൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് കെപിസിസി നേതൃത്വം അറിയിച്ചു.

ഫോൺ സംഭാഷണം പുറത്തുവന്നതിനെ കുറിച്ച് പാലോട് രവി നേതൃത്വത്തിനു വിശദീകരണം നൽകിയെങ്കിലും തൃപ്തികരമല്ലെന്നാണ് സൂചന. എഐസിസി നിർദേശപ്രകാരമാണ് കെപിസിസി രാജി ആവശ്യപ്പെട്ടത്. പുതിയ ഡിസിസി അധ്യക്ഷൻ പുനഃസംഘടനക്കൊപ്പം തീരുമാനിക്കാനാണ് നിലവിലെ ആലോചന. എൽഡിഎഫ് സർക്കാർ തുടർഭരണം നേടുമെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകുമെന്നും ആണ് പാലോട് രവി ഫോൺ സംഭാഷണത്തിൽ പറഞ്ഞത്. പ്രാദേശിക കോൺഗ്രസ് നേതാവുമായുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തുവന്നതോടെ കോൺഗ്രസിൽ വിവാദം കത്തുകയാണ്. കഴിഞ്ഞ ഏപ്രിലിൽ നടന്ന ഫോൺ സംഭാഷണമാണ് ഇതെന്നാണ് പുറത്തുവരുന്ന വിവരം.

തദ്ദേശ തെരഞ്ഞെടുപ്പോടെ വീണ്ടും എൽഡിഎഫ് മേധാവിത്തം വരും. കോൺഗ്രസ് എടുക്കാച്ചരക്കാകും, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പോകും. മുസ്ലിം വിഭാഗം മറ്റുപാർട്ടികളിലേക്കും സിപിഐഎമ്മിലേക്കും പോകും. കുറേ കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേരും. നിയമസഭയിൽ താഴെ വീഴും. 60 നിയമസഭാ മണ്ഡലത്തിൽ ബിജെപി എന്താണ് ചെയ്യാൻ പോകുന്നതെന്ന് നീ നോക്കിക്കോ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് വോട്ട് പിടിക്കും.

കോൺഗ്രസ് പാർട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാർക്‌സിസ്റ്റ് പാർട്ടി ഭരണം തുടരും. ഇതാണ് കേരളത്തിൽ സംഭവിക്കാൻ പോകുന്നത്. ഇതോടെ ഈ പാർട്ടിയുടെ അധോഗതിയായിരിക്കുമെന്നും പാലോട് രവി സംഭാഷണത്തിൽ പറയുന്നുണ്ട്. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം ആരാണ് പുറത്തുവിട്ടതെന്നു വ്യക്തമല്ല. അപ്രതീക്ഷിതമായി വന്ന വിവാദത്തിനൊടുവിൽ അതിവേഗമായിരുന്നു രാജി. വിവാദ ഫോൺ സംഭാഷണം സംബന്ധിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Posts